
കൽപ്പറ്റ:ചായക്കട പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കൊണ്ടുപോയത് 12,000 രൂപയുടെ സിഗരറ്റും മിഠായിയും പലഹാരങ്ങളും. കൽപ്പറ്റയിൽ നസീർ എന്നയാളുടെ കടയിലാണ് വ്യത്യസ്തനായ മോഷ്ടാവ് എത്തിയത്. രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് കളളൻ കയറിയ വിവരം കടയുടമ അറിയുന്നത്.
കടയുടെ ഒരുഭാഗം പൊളിച്ചുമാറ്റിയ നിലയിലായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് 12,000 രൂപയുടെ സിഗരറ്റും 3000 രൂപയുടെ മിഠായിയും പലഹാരങ്ങളും മോഷണം പോയതായി വ്യക്തമായത്. എന്നാൽ മറ്റ് സാധനങ്ങളൊന്നും മോഷണം പോയതുമില്ല. പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കടതുടങ്ങിയിട്ട് അഞ്ചുവർഷമായെന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നുമാണ് ഉടമ പറയുന്നത്. നേരം ഇരുട്ടിത്തുടങ്ങിയാൽ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്നും ഇവരാണോ സംഭവത്തിന് പിന്നിലെന്നും പ്രദേശവാസികൾക്ക് സംശയമുണ്ട്. സാമൂഹ്യ വിരുദ്ധരുടെ കാര്യം പലതവണ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ പ്രയോജനം ഒന്നും ഉണ്ടായില്ലെന്നാണ് നാട്ടകാരുടെ പരാതി. രാത്രികാല പട്രോളിംഗ് ഉൾപ്പടെ ശക്തമാക്കാനുള്ള നടപടികൾ അധിൃതർ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.