robin-bus

പത്തനംതിട്ട: കസ്റ്റഡിയിലെടുത്ത റോബിൻ ബസ് പൊലീസ് വിട്ടുനൽകുന്നില്ലെന്ന് ഉടമ ഗിരീഷ്. കോടതി ഉത്തരവുണ്ടായിട്ടും ബസ് വിട്ടുനൽകുന്നില്ല. ആർടിഒ നിർദ്ദേശം ലഭിച്ചാൽ മാത്രമേ ബസ് വിട്ടുനൽകൂ എന്നുമാണ് പൊലീസ് അറിയിച്ചതെന്ന് ഉടമ ഗിരീഷ് വ്യക്തമാക്കി. പിഴകൾ എല്ലാം അടച്ചതിനെ തുടർന്ന് ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗിരീഷ് ബസ് തിരിച്ചെടുക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

'കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഇതിന്റെ ഇൻവെന്ററി തയ്യാറാക്കാൻ ഇവർ തയ്യാറാകുന്നില്ല. ഇൻവെന്ററി തയ്യാറാക്കാൻ ആവശ്യപ്പെട്ടപ്പോൾ, അതൊന്നും ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് പറഞ്ഞത്. ഇനി ബസ് വിട്ടുനൽകണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണം'- ഗിരീഷ് പറഞ്ഞു.

'പിഴയായി 82000 രൂപ അടച്ചു. ഇവർ എനിക്കെതിരെ ആരോപിച്ച കുറ്റം എന്താണോ, അത് കുറ്റമല്ലെന്ന് ഹൈക്കോടതി ഉത്തരവിന്റെ അകത്ത് കൃത്യമായി പറയുന്നുണ്ട്. ഇപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ച് പത്തനംതിട്ട കോടതിയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഉത്തരവ് വന്നിരിക്കുന്നത്. എന്നിട്ടും ഇത് എങ്ങനെയെങ്കിലും പരമാവധി താമസിപ്പിക്കണം. അതാണ് അവരുടെ ആവശ്യം. അത് അവർ നന്നായി ചെയ്യുന്നുണ്ട്'- ഗിരീഷ് പറഞ്ഞു.

ബസിന് എന്തെങ്കിലും തകരാർ സംഭവിച്ചിട്ടുണ്ടോ എന്നുള്ള കാര്യം അവിടെ ചെന്ന് സ്റ്റാർട്ട് ചെയ്തു നോക്കിയാൽ മാത്രമേ മനസിലാവുകയുള്ളുവെന്ന് ഗിരീഷ് പറയുന്നു. ബലമായാണ് അവർ ബസ് പിടിച്ചുകൊണ്ടുപോയത്. ഒരു സാധനം പോലും അവർ എടുക്കാൻ സമ്മതിച്ചിട്ടില്ല. ഹൈക്കോടതി സർവീസ് നടത്താനാണ് പറഞ്ഞിരിക്കുന്നത്. തടസപ്പെടുത്തരുതെന്നും പറഞ്ഞിട്ടുണ്ടെന്ന് ഗിരീഷ് പറഞ്ഞു. കഴിഞ്ഞ മാസം 23ന് ആണ് ബസ് ആർടിഒ പിടിച്ചെടുത്തത്.