antony-raju

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഇന്ന് രാജിക്കത്ത് നൽകി. നിലവിൽ തുറമുഖ - മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ഗതാഗതാ വകുപ്പ് മന്ത്രിയാണ് ആന്റണി രാജു.

പൂർണ സംതൃപ്തിയോടെയാണ് ടേം പൂർത്തിയാക്കുന്നതെന്ന് അഹമ്മദ് ദേവർകോവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ആക്കിയത് എൽ ഡി എഫ് ആണെന്നും എൽ ഡി എഫിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് മന്ത്രിമാരും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് രാജിക്കത്ത് നൽകിയത്. ഇടതുമുന്നണിയിലെ രണ്ടരവർഷമെന്ന ധാരണപ്രകാരമാണ് ഇരുവരും രാജിവച്ചത്. ഇവർക്ക് പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ്‌കുമാറും മന്ത്രിമാരാവും. വകുപ്പിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന.

രണ്ടരവർഷക്കാലം നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രാർത്ഥനയ്ക്കും നന്ദി പറയുന്നതായി ആന്റണി രാജു പറഞ്ഞു. കെ എസ് ആർ ടി സി ഉൾപ്പെടുന്ന ഗതാഗതവകുപ്പ് ഒരുപാട് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജിക്കത്ത് നൽകുന്ന സമയത്ത് ശമ്പളം പൂർണ്ണമായി മുഴുവൻ ജീവനക്കാർക്കും കൊടുക്കാൻ കഴിഞ്ഞുവെന്ന സന്തോഷമുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ എം എൽ എയാണ്. ഇനിയും എം എൽ എയായി നിങ്ങളോടൊപ്പം ഇവിടെയുണ്ടാകുമെന്നും ആന്റണി രാജു മാദ്ധ്യമങ്ങളോട് പറഞ്ഞു.