police

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ആശങ്കയായി പൊലീസ് ആത്മഹത്യ. എറണാകുളം ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷിബുവാണ് തൂങ്ങിമരിച്ചത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നതായാണ് സ്റ്റേഷനിലെ മറ്റുളള ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മദ്യപിച്ചതിന് ശേഷം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം തൃശൂരിലെ എആർ ക്യാമ്പിലെ പൊലീസുകാരനേയും മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പെരുമ്പിള്ളിശ്ശേരി സ്വദേശി ആദിഷിനെ (40) വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തൃശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദിഷ്. 2022 മുതൽ കാരണം ബോധിപ്പിക്കാതെ ആദിഷ് ജോലിയിൽ നിന്നും മാറി നിന്നിരുന്നു. നിയമനടപടികൾ നേരിട്ടതിനെ തുടർന്ന് ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് അറിയിച്ചത്.