
ന്യൂഡൽഹി: ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയിൽ ടാങ്കറിനുനേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം. ചെങ്കടലിൽവച്ച് ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയതായി യു എസ് സൈന്യമാണ് അറിയിച്ചത്. ഇന്ത്യക്കാരുമായി വരികയായിരുന്ന എംവി സായിബാബ എന്ന ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ ആർക്കും പരിക്കുകൾ പറ്റിയില്ലെന്നും പ്രദേശത്തുണ്ടായിരുന്ന യു എസ് കപ്പലിലേയ്ക്ക് അപായ സന്ദേശം പോയതായും യു എസ് സെൻട്രൽ കമാൻഡ് സമൂഹമാദ്ധ്യമത്തിൽ അറിയിച്ചു.
ഇന്നലെ രാത്രി ഇന്ത്യൻ സമയം 10:30ഓടെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ തീരത്ത് മറ്റൊരു ടാങ്കർ ആക്രമണത്തിന് ഇരയായി മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്. സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു.
തങ്ങൾ ആക്രമണ ഭീഷണി നേരിടുന്നതായി രണ്ട് കപ്പലുകൾ ദക്ഷിണ ചെങ്കടലിൽ പട്രോളിംഗ് നടത്തുന്ന യു എസ് നാവിക കപ്പലിനെ അറിയിച്ചതായും യു എസ് സൈന്യം വ്യക്തമാക്കി. ഇതിലൊന്ന് നോർവീജിയൻ ടാങ്കറായിരുന്നു. ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്നാണ് നോർവീജിയൻ കപ്പൽ അറിയിച്ചത്. ഇതിൽ രണ്ടാമത്തെതാണ് ആക്രമണത്തിനിരയായ ഇന്ത്യൻ ടാങ്കർ. സംഭവങ്ങൾക്ക് പിന്നാലെ ഹൂതി നിയന്ത്രണ പ്രദേശത്തുനിന്ന് തൊടുത്തുവിട്ട നാല് ഡ്രോണുകൾ യു എസ് സേന തകർത്തു.
ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി ചെങ്കടലിലെ ഇസ്രായേൽ കപ്പലുകളെയാണ് തങ്ങൾ ആക്രമിക്കുന്നതെന്നാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ വിശദീകരിക്കുന്നത്. ഒക്‌ടോബർ 17 മുതൽ ഹൂതി വിമതർ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തിയ 15ാമത് ആക്രമണമാണ് ഇന്നലത്തെ സംഭവമെന്ന് യുഎസ് സൈന്യം അറിയിച്ചു.