
മുംബയ്: ജനങ്ങളുടെ വിവധ പ്രശ്നങ്ങളും ആവലാതികളും കൈകാര്യം ചെയ്യുന്ന ഒരിടമാണ് പൊലീസ് സ്റ്റേഷൻ. അതിനാൽ തന്നെ ഉദ്യോഗസ്ഥരിൽ ഏറിയ പങ്കും പൊലീസ് സ്റ്റേഷനിൽ എത്തുന്നവരോട് പെരുമാറുന്നതും ഗൗരവത്തിലായിരിക്കും. എന്നാൽ മുംബയിലെ ഒരു പൊലീസ് സ്റ്റേഷനിൽ എത്തുന്നവരെ കാത്തിരിക്കുന്നത് രസകരമായ കാഴ്ചയാണ്.
പൊലീസുകാരുടെ പ്രിയങ്കരനായി മാറിയ ഒരു പൂച്ചയാണ് ഇവിടത്തെ താരം. പൂച്ചയുടെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുകയാണ്. സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ സുധീർ എസ് കുഡാൽക്കറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രിയങ്കരനായി മാറിയ 'ലോല 'എന്ന പേരുളള പൂച്ചയാണ് വീഡിയോയിലെ താരം.
ഉദ്യോഗസ്ഥന്റെ ഇരിപ്പിടത്തിൽ സുഖമായി ഉറങ്ങുന്ന പൂച്ചയെ കാണാം. വീഡിയോ ആരംഭിക്കുന്നത് തന്നെ സുധീറിന്റെ നെയിംബോർഡിലൂടെയാണ്. അദ്ദേഹം ഇരിപ്പിടത്തിന്റെയടുത്തേക്ക് എത്തുമ്പോൾ ഉറങ്ങുന്ന ലോലയെയും കാണാം. തുടർന്ന് ഉദ്യോഗസ്ഥൻ പൂച്ചയെ ഉണർത്താൻ ശ്രമിക്കുന്നുണ്ട്.ലോലയും ഉദ്യോഗസ്ഥനും തമ്മിലുളള സ്‌നേഹം വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിക്കും.വീഡിയോ ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ഒപ്പം രസകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.