
ജനിച്ച മണ്ണും വിട്ട് വിദേശ രാജ്യങ്ങളിലെ സ്വർഗ ജീവിതവും സ്വപ്നം കണ്ട് പറക്കുന്നവരുടെ എണ്ണം ഇന്ന് കുതിച്ചുയരുകയാണ്. നിയമത്തിന്റെ പിന്തുണയോടെയും അല്ലാതെയും യാത്ര ചെയ്യുന്നവർ ഏറെയാണ്. അങ്ങനെയൊരു യാത്രയുടെ കഥ പറയുന്ന ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രം 'ഡങ്കി' ഡിസംബർ 21ന് ആണ് തീയേറ്ററിൽ എത്തിയത്.
നിയമവിരുദ്ധമായി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഡോങ്കി റൂട്ടിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. യുകെ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്ക് കടക്കാൻ ആളുകൾ തിരഞ്ഞെടുക്കുന്ന ഈ ഡോങ്കി റൂട്ട് ഏറെ സാഹസം നിറഞ്ഞതാണ്. സിനിമയിൽ പറയുന്ന ഡോങ്കി റൂട്ടിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ യുവാക്കളാണ് വിദേശത്തേക്ക് കടക്കാൻ ഡങ്കി റൂട്ട് കൂടുതലായും തിരഞ്ഞെടുക്കുന്നത്. പുഴകൾ നീന്തിക്കടന്നും കാടുകൾ താണ്ടിയും ജീവൻ പണയം വച്ച് വേണം ഡങ്കി റൂട്ടിലൂടെ യാത്ര ചെയ്യാൻ. ചിലപ്പോൾ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരും. ചിലപ്പോൾ വഴിയിൽ തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയാതെ വീണുപോകുന്നവരും കൂടുതലാണ്.
എന്താണ് ഡോങ്കി അല്ലെങ്കിൽ ഡങ്കി റൂട്ട്?
കഴുതയുടെ പ്രാദേശിക ഉച്ചാരണമായ 'ഡങ്കി' ഒരു പഞ്ചാബി ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്, അതിനർത്ഥം 'ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര' എന്നാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും സാഹസികമായ ഇമിഗ്രേഷൻ റൂട്ട് എന്ന് വിളിക്കുന്ന ഡോങ്കി റൂട്ടിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയത്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 2022 ഒക്ടോബർ മുതൽ 2023 സെപ്തംബർ വരെ ഇന്ത്യയിൽ നിന്ന് 42,000 കുടിയേറ്റക്കാർ അനധികൃതമായി തെക്കൻ അതിർത്തിയിലൂടെ കടന്നിട്ടുണ്ട്.

അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച 97,000 പേരെയാണ് യുഎസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിൽ നിന്നുള്ളവർ കൂടുതലായും യുഎസ് തിരഞ്ഞെടുക്കുമ്പോൾ, പഞ്ചാബിൽ നിന്നുള്ളവർ കാനഡയാണ് ലക്ഷ്യം വയ്ക്കുന്നത്. വലിയ സാമ്പത്തിക ചെലവ് വേണ്ട ഒരു യാത്ര കൂടിയാണ് ഡോങ്കി റൂട്ടിലേത്. യുഎസിലേക്കുള്ള യാത്രയ്ക്ക് 15 മുതൽ 40 ലക്ഷം രൂപ വരെ ഒരാളിൽ നിന്നും ചെലവാകും. 70 ലക്ഷം വരെ ചെലവാക്കി ഇതുവഴി അനധികൃതമായി യുഎസിൽ എത്തിയവരുമുണ്ട്. പണത്തിന്റെ തോത് കൂടുന്നതോടെ യാത്രയുടെ ബുദ്ധിമുട്ടും കുറയും.

ആദ്യഘട്ടം
ഡോങ്കി റൂട്ട് തിരഞ്ഞെടുക്കുന്നവർ ആദ്യം ചെയ്യേണ്ടത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോർ, ബൊളിവിയ, ഗുയാന, ബ്രസീൽ, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് വിമാനം കയറുക എന്നതാണ്. യാത്രയ്ക്കായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണം മറ്റൊന്നുമല്ല, ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങളിലേക്ക് എത്താനുള്ള നടപടിക്രമങ്ങൾ വളരെ എളുപ്പമാണ്. ഓൺ അറൈവൽ വിസ മാത്രമല്ല, പ്രി വിസ അറൈവൽ ആവശ്യമുള്ള ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് എളുപ്പത്തിൽ വിസ ലഭിക്കുമെന്നതും ഒരു കാരണമാണ്.
സാഹസം നിറഞ്ഞ പനാമ കാടുകളിലെ യാത്ര
കൊളംബിയയിൽ എത്തിയ കുടിയേറ്റക്കാർ ആദ്യം ചെയ്യേണ്ടത് സാഹസം നിറഞ്ഞ പനാമ കാടുകൾ കടക്കുക എന്നതാണ്. ദാഹിച്ചാൽ കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കാത്ത കാട്. വന്യ മൃഗങ്ങളുടെ ആക്രമണം, കൊള്ളയടിക്കാൻ എന്തിനും തയ്യാറാകുന്ന ക്രിമിനൽ സംഘം. ഈ റൂട്ടിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ പീഡനം ഭയന്ന് ഗർഭനിരോധന ഉറകൾ പോലും കയ്യിൽ കരുതും. ഒട്ടേറെ സ്ത്രീകൾ ഇവിടെ വച്ച് ക്രൂര ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. പലരും അക്കാര്യം പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്.

അടുത്തിടെ ഹരിയാനയിൽ നിന്നും യാത്ര പുറപ്പെട്ട ജിതേന്ദ്രയും സംഘവും കവർച്ചയ്ക്ക് ഇരയായ സംഭവം ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ, പണം, വസ്ത്രങ്ങൾ, ഷൂസ് എല്ലാം തന്നെ കൊള്ളസംഘം കവർന്നു. പിന്നീട് അങ്ങോട്ടുള്ള സംഘത്തിന്റെ യാത്ര വെറും കാൽപാദത്തിലായിരുന്നു. യാത്രയ്ക്കിടെ സംഘത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ മൃതദേഹം അവിടെ ഉപേക്ഷിക്കേണ്ടി വരും. തിരിച്ച് നാട്ടിലെത്തിക്കാനുള്ള ഒരു സംവിധാനവുമുണ്ടാകില്ല.
പനാമയും കടന്ന് മെക്സിക്കോയിലേക്ക്
പനാമ കാടുകൾ കടന്ന് യാത്ര മെക്സിക്കോയിൽ പ്രവേശിക്കും. യുഎസ് അതിർത്തിയിലേക്ക് കടക്കാൻ മിക്ക കുടിയേറ്റക്കാരും തിരഞ്ഞെടുക്കുന്ന രാജ്യമാണ് മെക്സിക്കോ. ഈ യാത്രയിലെ ഏറ്റവും നിർണായകമായ സ്ഥലമാണ് മെക്സിക്കോ. മെക്സിക്കോയും യുഎസും തമ്മിൽ 3140 കിലോ മീറ്റർ ദൂരത്തിലാണ് അതിർത്തി പങ്കിടുന്നത്. കൂടുതൽ പേരും യുഎസിലേക്ക് കടക്കാൻ മെക്സിക്കോ തിരഞ്ഞെടുക്കുന്നതിന്റെ കാരണം ഇതുതന്നെ. റിയോ ഗ്രാൻഡ് നദിയാണ് ഇവരിൽ കൂടുതൽ പേരും അതിർത്തി കടക്കാൻ ആശ്രയിക്കുന്നത്. ഇങ്ങനെ അതിർത്തിയിലേക്ക് എത്തുന്നവർ യുഎസ് അതിർത്തി സുരക്ഷ സേനയുടെ കസ്റ്റഡിയിൽ അകപ്പെടുന്നു എന്നത് മറ്റൊരു വസ്തുത.

യൂറോപ്പിലേക്കും ഡോങ്കി റൂട്ട്
യൂറോപ്പ്യൻ രാജ്യങ്ങൾ സ്വപ്നം കാണുന്ന ഇന്ത്യക്കാരും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെയാണ് ഏറെ ആശ്രയിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്താൻ ഏറ്റവും എളുപ്പ വഴി കൂടിയാണ് മെക്സിക്കോ. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള ഈ യാത്ര ഏറെ സാഹസം നിറഞ്ഞതാണ്.
ഒരുകാലത്ത് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഡോങ്കി യാത്ര ഇപ്പോൾ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും സർവ്വസാധാരണമാണ്. അടുത്തിടെ കൊല്ലപ്പെട്ട കർണിസേന തലവൻ സുഖ്‌ദേവ് സിംഗിന്റെ കൊലയാളി രോഹിത് ഗോദ്ര ഡോങ്കി റൂട്ട് വഴി യുഎസിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു.