
പാലാ: കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിക്ക് പോയ പതിനാറുകാരി മദ്യം കഴിച്ചു. നാട്ടുകാരും വീട്ടുകാരും വിവരമറിഞ്ഞു. അച്ഛൻ മകളെ പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷൻ സെന്ററിൽ കൊണ്ടുവന്നു. മെഡിക്കൽ ഓഫീസർ മകളോട് വിശദമായി സംസാരിച്ചു. ''സാർ, ഞാൻ ഇന്നലെ മദ്യപിച്ചത് ജീവിതത്തിലാദ്യമായാണ്. എന്റെ അച്ഛൻ 22 വർഷമായി മദ്യപാനിയാണ്. ആദ്യം അച്ഛനെയല്ലേ ചികിത്സിക്കേണ്ടത്''. പതിനാറുകാരി ഇത് പറഞ്ഞപ്പോൾ തനിക്കും സമ്മതിക്കേണ്ടി വന്നതായി പാലാ വിമുക്തി ഡിഅഡിക്ഷൻ സെന്ററിലെ ഡോ. കെ.കെ. ശ്രീജിത്ത് പറഞ്ഞു. ഇതോടെ ആശുപത്രി രജിസ്റ്ററിൽ നിന്ന് മകളുടെ പേര് മാറ്റി പകരം അച്ഛന്റെ പേരെഴുതി അഡ്മിറ്റാക്കി. അതോടെ അച്ഛൻ കുടി നിർത്തി. ഡോ. ശ്രീജിത്ത് ഇത് പറഞ്ഞതോടെ സദസ് സ്തബ്ദ്ധരായി.
ഇന്നലെ എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷൻ സെന്ററിൽ നടത്തിയ ''സമൃദ്ധി'' ഏകദിന സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ശ്രീജിത്ത്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലകപ്പെടുകയും ചികിത്സ നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്ത യുവാക്കളും പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുമായിരുന്നു സദസ്സിലുണ്ടായിരുന്നത്. ഇവരുടെ മാതാപിതാക്കളും പങ്കെടുത്തു.
പാലാ നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. വിമുക്തി മാനേജർ കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ലാലു പി.ആർ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. എം. അരുൺ, പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദ്, പാലാ വിമുക്തി ഡിഅഡിക്ഷൻ സെന്ററിലെ സൈക്യാട്രിക്ക് സോഷ്യൽ വർക്കർ ആശ മരിയ പോൾ തുടങ്ങിയവർ ആശംസകൾ നേർന്നു. വിനു വിജയൻ, ഡോ. ശ്രീജിത്ത് കെ.കെ., ബെന്നി സെബാസ്റ്റ്യൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സെമിനാറിന് ശേഷം കൗൺസിലിംഗും ഉണ്ടായിരുന്നു.