ai-camera

കണ്ണൂർ: എ.ഐ ക്യാമറകൾ സ്ഥാപിച്ചതോടെ നിരത്തുകളിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം കഴിഞ്ഞ മൂന്നുവർഷത്തെ ഏറ്റവും കുറ‌ഞ്ഞ നിരക്കിലെന്ന് റോഡ് സുരക്ഷാസമിതിയുടെ വിലയിരുത്തൽ.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിലെ മരണനിരക്കിലും റോഡപകടങ്ങളിലും കഴിഞ്ഞ ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം കുറവ് വന്നിട്ടുണ്ട്. അപകടങ്ങളിൽ വലിയൊരു ശതമാനം പ്രത്യേക സ്ഥലങ്ങളിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടങ്ങളിൽ വിദഗ്ധ പരിശോധന നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്.

അതെ സമയം പോയ വർഷത്തെക്കാൾ അപകടനിരക്കും മരണനിരക്കും കുറഞ്ഞെങ്കിലും 2021നെ അപേക്ഷിച്ച് അപകടനിരക്കും പരിക്കേറ്റവരും ഈ വർഷം കൂടുതലാണ്. പതിവുപോലെ സിറ്റി പൊലീസ് പരിധികളിലാണ് അപകടങ്ങളും മരണങ്ങളും കൂടുതൽ. ഈ വർഷം ഒക്ടോബർ വരെ സിറ്റി പരിധിയിൽ 1364 അപകടങ്ങളിലായി 96 പേർ മരിച്ചു. റൂറൽ സ്റ്റേഷൻ പരിധികളിൽ 799 അപകടങ്ങളിൽ 48 മരണങ്ങളും.എന്നാൽ ചില പ്രത്യേക പ്രദേശങ്ങളിൽ അപകടം കുറയുന്നില്ലെന്ന കണ്ടെത്തലിലാണ് ജില്ളാ റോഡ് സുരക്ഷ സമിതി എത്തിയിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിൽ റോഡപകടങ്ങളും മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നിടത്ത് വിദഗ്ധ സമിതിയെ കൊണ്ട് പരിശോധന നടത്താനൊരുങ്ങുകയാണ് ജില്ലാ റോഡ് സുരക്ഷ സമിതി.

മരണം ഒളിച്ചിരിപ്പുണ്ട്

പയ്യന്നൂർ-തലശ്ശേരി ദേശീയപാത കണ്ണപുരം

കണ്ണൂർ-മുഴപ്പിലങ്ങാട് ഭാഗം

തലശ്ശേരി-കൂത്തുപറമ്പ് റോഡ്

കണ്ണൂർ-മട്ടന്നൂർ എയർപോർട്ട് റോഡ്.

വർഷം അപകടങ്ങൾ മരണം പരിക്കേറ്റവർ

2021 - 1973 - 189 - 2331

2022 - 2913 - 255 - 3693

2023(ഒക്ടോബർ വരെ)​ - 2164 - 144 - 2633

കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ചില പ്രദേശങ്ങളിൽ സ്ഥിരമായി അപകടങ്ങളും അപകടമരണങ്ങളും ഉണ്ടാകുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് വിദഗ്ദ സമിതി പരിശോധന നടത്തുന്നത്.

അജിത് കുമാർ,​ സിറ്റി പൊലീസ് കമ്മിഷണർ

അപകടം കുറക്കാൻ നടപടികൾ


1)​ കണ്ണൂർ ടൗൺ ബി.എസ്.എൻ.എൽ സർക്കിളിൽ വേഗ നിയന്ത്രണത്തിനായി റംപിൾ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.

2)​ മട്ടന്നൂർ നഗരസഭയിലെ പാലോട്ട് പള്ളിയിൽ സുരക്ഷാ ബോർഡുകൾ, സ്റ്റഡുകൾ, സീബ്ര ലൈൻ തുടങ്ങിയവ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യറാക്കി ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിന് സമർപ്പിച്ചു.

3)​ ദേശീയ പാതയിലെ പൊടിക്കുണ്ട് - മിൽമ ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് ഫൗണ്ടേഷൻ അവശിഷ്ടങ്ങൾ പതിനഞ്ച് ദിവസത്തിനകം നീക്കം ചെയ്ത് പുതിയ സ്ലാബിടും.

4)​ പാനൂർ ടൗണിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് സമയക്രമ പ്രശ്‌നം പരിഹരിച്ച് ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡിനെ നിയോഗിച്ചു.

5)​ കണ്ണൂർ കോടതി കോംപ്ലക്‌സിന് മുമ്പിൽ സീബ്രാലൈനും സ്പീഡ് ബ്രേക്കറും സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.