scheme

തൃശൂർ: കൊവിഡിനെത്തുടർന്ന് മാതാപിതാക്കളെ നഷ്ടമായ വിദ്യാർത്ഥികൾക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന 'ജോയ് ഓഫ് ഹോപ്പ്' സ്‌കോളർഷിപ്പിനുള്ള തുക ജില്ലാ ഭരണകൂടത്തിന് കൈമാറി. തൃശൂർ ഡിബിസിഎൽസി ഹാളിൽ നടന്ന ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് എന്നിവർ ചേർന്നാണ് കളക്ടർ വി ആർ കൃഷ്ണതേജ ഐ എ എസ്സിന് രണ്ടരക്കോടി രൂപയുടെ ചെക്ക് കൈമാറിയത്.

വിദ്യാർത്ഥികളോട് തന്റെ ജീവിതകഥ പറഞ്ഞുകൊണ്ടാണ് കളക്ടറുടെ പ്രസംഗം ആരംഭിച്ചത്. "വലിയൊരു സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് മുടങ്ങിപോകുമായിരുന്ന എന്റെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഒരു വ്യക്തിയുടെ ഇടപെടലാണ് നിർണായകമായത്. തുടർന്ന് വീടിനടുത്തുള്ള കടകളിൽ ജോലിക്കുനിന്നും മറ്റും ഞാൻ പഠിക്കാനുള്ള ചെലവ് കണ്ടത്തി. പിന്നീടുള്ള ഓരോ കാലഘട്ടത്തിലും വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടായെങ്കിലും പ്രത്യാശയോടെയുള്ള എന്റെ മുന്നോട്ടുപോക്കിനെ തകർക്കാൻ പ്രതിബന്ധങ്ങൾക്കായില്ല. നമ്മുടെയെല്ലാം ജീവിതത്തിൽ ദൈവം ചില മനുഷ്യരുടെ രൂപത്തിൽ പ്രവർത്തിക്കും. അത്തരത്തിലൊരു പ്രവൃത്തിയാണ് ജോയ് ആലുക്കാസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്"-വി ആർ കൃഷ്ണതേജ പറഞ്ഞു.

മനുഷ്യസ്നേഹത്തിന്റെ മഹത്തരമായ സന്ദേശം നിറഞ്ഞ ക്രിസ്തുമസ് കാലത്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷന് ഇത്തരമൊരു സ്കോളർഷിപ്പ് നല്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. "വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യമിട്ടാണ് 'ജോയ് ഓഫ് ഹോപ്പ്' സ്കോളർഷിപ്പ് നൽകുന്നത്. പ്രതിസന്ധിയിൽ കൈത്താങ്ങാകുന്ന ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കൂടുതൽ ശക്തി പകരുന്നതാണ് ഈ സംരംഭം. ഇതിന് പുറമേ, ഫൗണ്ടേഷന്റെ കീഴിൽ തൃശൂരിൽ വയോജന മന്ദിരം, പാലിയേറ്റിവ് കെയർ സെന്റർ എന്നിവ വൈകാതെ പ്രവർത്തനമാരംഭിക്കും" അദ്ദേഹം പറഞ്ഞു.

എൽകെജി മുതൽ ഡിഗ്രി തലം വരെയുള്ള 350 വിദ്യാർത്ഥികളുടെ അടുത്ത അഞ്ച് വർഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവുകളാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. സ്കൂൾ വിദ്യാർത്ഥികൾക്ക് 1000 രൂപയും ഹയർസെക്കൻഡറി, ബിരുദ തലത്തിലുള്ളവർക്ക് 2500 രൂപയുമാണ് പ്രതിമാസം ലഭിക്കുക. ജില്ലാ കളക്ടറുടെ സഹായത്തോടെയാണ് ഗുണഭോക്താക്കളായ കുട്ടികളെ കണ്ടെത്തിയത്.