k-sudhakaran-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പിണറായി വിജയന് ഒരു കൊലയാളിയുടെ മനസാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവർക്കെതിരെ കേസെടുക്കാൻ പറയുമ്പോൾ എന്ത് നിയമവും നിയമവാഴ്ചയുമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും കെ പി സി സി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. കൂടാതെ കോൺഗ്രസ് പ്രതിഷേധ സമരം ബ്ലോക്ക് തലത്തിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അറിയിച്ചു. നവകേരള സദസിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

'കരിങ്കൊടി കാണിക്കാൻ പോലും കേരളത്തിൽ പറ്റുന്നില്ല. ഇവിടെ നിയമവാഴ്ച ഉണ്ടോ? ഡി ജി പി കസേരയിൽ ഇരിക്കാൻ അർഹത ഇല്ലാത്ത ആളാണ് ഇപ്പോൾ ആ കസേരയിലുളളത്. നിലവിൽ സംസ്ഥാനത്ത് രണ്ട് ഡിജിപിയുണ്ടെന്ന സ്ഥിതിയാണ്. സിപിഎം നേതാവ് പി ശശി ആക്ടിംഗ് ഡി ജി പിയാകുകയാണ്. കേരളത്തിൽ ഉടനീളം അറിയപ്പെടുന്ന സി പി എം ഗുണ്ടകളെയാണ് നവകേരള സദസിന് അകമ്പടി കൊണ്ട് പോയത്'- സുധാകരൻ പരിഹസിച്ചു.