baramulla

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചുകൊന്നു. മുൻ സീനിയർ സൂപ്രണ്ട് ഒഫ് പൊലീസ് (എസ്.എസ്.പി) മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ബാരാമുള്ളയിലെ പള്ളിയിൽ നിസ്‌കരിക്കുന്നതിനിടെ മുഹമ്മദ് ഷാഫിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. 2012ലാണ് മുഹമ്മദ് ഷാഫി വിരമിച്ചത്. അടുത്തിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ പിൻവലിച്ചിരുന്നു.

വ്യാഴാഴ്‌ച പൂഞ്ചിൽ ഭീകരരുടെ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ മൂന്ന് സൈനികർ ചികിത്സയിലാണ്. ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കിയതിനിടെയാണ് ബാരാമുള്ളയിലെ ആക്രമണം.അതിനിടെ, അക്രമം നടന്ന പ്രദേശത്തിനടുത്ത് മൂന്ന് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം തുടരുകയാണ്.