kamiya-jani

ന്യൂഡൽഹി: ജഗന്നാഥ ക്ഷേത്ര ദർശന വിവാദത്തിൽ പ്രതികരണവുമായി യൂട്യൂബർ കാമിയ ജാനി രംഗത്ത്. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ കാമിയ ദർശനം നടത്തിയതിനെതിരെ ബി ജെ പി രംഗത്ത് വന്നിരുന്നു. കാമിയ ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നും അത്തരമൊരാൾക്ക് എങ്ങനെയാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചതെന്നുമാണ് ബി ജെ പി പ്രവർത്തകർ ചോദിച്ചത്. കാമിയെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെയാണ് സംഭവത്തിൽ പ്രതികരിച്ച് കാമിയ രംഗത്തെത്തിയത്.

'ഭഗവാൻ ജഗന്നാഥന്റെ അനുഗ്രഹം തേടാനും ക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോ ചിത്രീകരണത്തിനുമാണ് ഞാൻ പോയത്. ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. ഞാൻ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ല, അത് പ്രോത്സാഹിപ്പിച്ചിട്ടുമില്ല.' - കാമിയ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വീഡിയോ കാമിയ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബീഫ് വിളമ്പുന്ന ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്ന കാമിയയുടെ വീഡിയോയാണ് ബി ജെ പി പ്രചരിപ്പിച്ചത്. ഇത് കേരളത്തിലെ ഒരു ഹോട്ടൽ ആയിരുന്നു. അവിടെ വച്ച് താൻ ബീഫ് കഴിച്ചിട്ടില്ലെന്നും കടലക്കറിയാണ് കഴിച്ചതെന്നും കാമിയ പറഞ്ഞു. പ്രാദേശിക പാചക രീതികളെക്കുറിച്ച് താൻ നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. എന്നാൽ അതിനർത്ഥം അതെല്ലാം താന്‍ കഴിക്കുമെന്നല്ലെന്നും അവർ വ്യക്തമാക്കി.

View this post on Instagram

A post shared by Kamiya Jani (@kamiya_jani)