നമ്മുടെയെല്ലാം വീടുകളിൽ സാധാരണ കാണുന്നൊരു കുഞ്ഞൻ ജീവിയാണ് ഉറുമ്പ്. നീറ്, കട്ടുറുമ്പ്, ചോനൻ ഉറുമ്പ്, കൂനൻ ഉറുമ്പ്, നെയ്യ് ഉറുമ്പ് തുടങ്ങി പലവിധത്തിലെ ഉറുമ്പുകൾ നമ്മുടെ വീടുകളിലും പറമ്പിലും മറ്റുമായി കാണാറുണ്ട്. ഇവ ഇത്തിരിക്കുഞ്ഞൻമാരാണെങ്കിലും ലക്ഷണശാസ്ത്രത്തിൽ ഇവയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്.
ലക്ഷണശാസ്ത്രപ്രകാരം എല്ലാ ഉറുമ്പുകളും ദോഷകാരികളല്ല. മാത്രമല്ല ചില ഉറുമ്പുകൾക്ക് ഭാവി പ്രവചിക്കാനുമാവും. നമുക്ക് സൂചനകളും മുന്നറിയിപ്പുകളും നൽകാൻ ഉറുമ്പുകൾക്കാവും. അവ എന്തെല്ലാമാണെന്ന് നോക്കാം.
കടിക്കാത്ത ചെറിയ കറുത്ത ഉറുമ്പുകൾ വീടിന്റെ അടുക്കള ഭാഗത്തോ പൂജാമുറിയുടെ ഭാഗത്തോ കാണപ്പെടുകയാണെങ്കിൽ അത് ശുഭസൂചനകളാണ്. വീട്ടിൽ ദോഷഫലങ്ങൾ ഉണ്ടാക്കാത്ത ഉറുമ്പുകളാണിവ. വീട്ടിൽ നടക്കാൻ പോകുന്ന വിശേഷസംഭവങ്ങളുടെ സൂചനയും ഈ ഉറുമ്പുകൾ നൽകുന്നു.
കറുത്ത ഉറുമ്പിന്റെ വിപരീതഫലങ്ങളാണ് ചുവന്ന ഉറുമ്പുകൾ നൽകുന്നത്. കടിക്കുന്ന, ചെറിയ ചുവന്ന ഉറുമ്പുകൾ അടുക്കള ഭാഗത്തും പൂജാ മുറിയിലും കാണപ്പെടുകയാണെങ്കിൽ വളരെ ദോഷഫലങ്ങളാണ് കാത്തിരിക്കുന്നതെന്നാണ് സൂചന നൽകുന്നത്. ഇവയെ എത്രയും പെട്ടെന്ന് തുരത്തണം. ചുവന്ന ഉറുമ്പുകൾ കൂട്ടത്തോടെ വരികയാണെങ്കിൽ സാമ്പത്തിക നഷ്ടമുണ്ടാകാൻ പോകുന്നു എന്നതാണ് സൂചന.
ചുവന്ന ശരീരത്തിൽ വാലിൽ കറുപ്പുള്ള, ചിറകുള്ള ഉറുമ്പുകളും ദോഷകാരികളല്ല. ചില മുന്നറിയിപ്പുകൾ നൽകാനാണ് ഇവ വരുന്നത്. കുടുംബാംഗങ്ങളുടെ ആശുപത്രി വാസമാണ് ഇവ സൂചന നൽകുന്നത്.
ചെറിയ കറുത്ത ഉറുമ്പുകൾ ബാഗുകളിൽ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളിലോ, പഞ്ചസാര പാത്രത്തിലോ മറ്റ് ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളിലോ കാണപ്പെടുകയാണെങ്കിൽ കുടുംബാംഗങ്ങളുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന നൽകുന്നത്. കറുത്ത ഉറുമ്പുകൾ വസ്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന അലമാരയിലാണ് കാണുന്നതെങ്കിൽ ആ വീട്ടിൽ പുതിയൊരു അതിഥി എത്തുമെന്നാണ് സൂചന. ഫോട്ടോയിലാണ് ഇവ കാണുന്നതെങ്കിൽ ദൈവീകമായ കാര്യങ്ങളിൽ മുൻകൈ എടുത്ത് പ്രവർത്തിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക ഉയർച്ച ഉണ്ടാകും. മാത്രമല്ല ദൈവത്തിന്റെ കരുതൽ ഉണ്ടാവും. ആഭരണങ്ങളോ പണമോ വച്ചിരിക്കുന്ന സ്ഥലത്ത് ഈ ഉറുമ്പിനെ കണ്ടാൽ ആഭരണങ്ങളും പണവും ഇരട്ടിക്കുമെന്നാണ് സൂചന. നല്ല വാർത്തകൾ കേൾക്കാനും അവസരമുണ്ടാവും.
ചുവന്ന ചെറിയ, കടിക്കുന്ന ഉറുമ്പുകളെ വീട്ടിൽ നിന്ന് നിർമാർജനം ചെയ്തില്ലെങ്കിൽ വീട്ടിൽ കഷ്ടകാലം ഒഴിയില്ലെന്നാണ് അർത്ഥം.