
കൊച്ചി: രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചാ സാദ്ധ്യതകളും ധന മാനേജ്മെന്റിലെ വൈദഗ്ദ്ധ്യവും കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഡിസംബറിലും ഇന്ത്യയിലേക്ക് വൻതോതിൽ പണമൊഴുക്കി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഡിസംബറിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ 57,300 കോടി രൂപയാണ് അധികമായി എത്തിച്ചത്. പ്രതിമാസം വിദേശ നിക്ഷേപകർ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. അമേരിക്കയിൽ കടപ്പത്രങ്ങളുടെ മൂല്യം ഇടിയുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വികസ്വര രാജ്യങ്ങളിലെ മികച്ച നിക്ഷേപ സാധ്യതകൾ മുതലെടുത്താണ് ഹെഡ്ജ് ഫണ്ടുകളും അതിസമ്പന്നരും ഇവിടേക്ക് പണമൊഴുക്കുന്നത്.
ഇപ്പോഴത്തെ വിപണി സാഹചര്യങ്ങൾ പരിഗണിച്ചാൽ വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ഇനിയും കൂടാനുള്ള സാദ്ധ്യതയാണുള്ളതെന്ന് ജിയോജിത് ഫിനാൻഷ്യൽ സെക്യൂരിറ്റീസ് ചീഫ് നിക്ഷേപ സ്ട്രാറ്റജിസ്റ്റ് വി. കെ വിജയകുമാർ പറഞ്ഞു. നടപ്പു വർഷം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 1.75 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
പലിശ വർദ്ധന നടപടികൾക്ക് വിരാമമായെന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെയും ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെയും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെയും നിലപാടുകളാണ് ഇന്ത്യയിലേക്കുള്ള നിക്ഷേപം കുത്തനെ കൂടാൻ സഹായിച്ചത്. ഐ.ടി, ലോഹങ്ങൾ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയിലാണ് നിക്ഷേപ താത്പര്യം മികച്ച തോതിൽ ദൃശ്യമായത്.
ആഗസ്റ്റ്, സെപ്തംബർ മാസങ്ങള ിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നും 39,300 കോടി രൂപ പിൻവലിച്ചതിന് ശേഷമാണ് ഓഹരികളിലേക്ക് വീണ്ടും പണമൊഴുക്ക് കൂടിയത്.
അനുകൂല ഘടകങ്ങൾ
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ജി.ഡി.പിയിലെ 7.6
ശതമാനം വളർച്ച
സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ
ബി.ജെ.പി നേടിയ മികച്ച വിജയം
മൂലമുള്ള രാഷ്ട്രീയ സ്ഥിരത
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനിടയിലും നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ
വൻകിട കോർപ്പറേറ്റ് കമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലുമുണ്ടാകുന്ന വർദ്ധന
ചൈനയ്ക്ക് ബദലായി ആഗോള നിക്ഷേപ
ഹബായി ഇന്ത്യ ഉയരുമെന്ന പ്രതീക്ഷ
സെൻസെക്സ് ഒരു ലക്ഷത്തിലേക്ക്
വിദേശ, ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്കിന്റെ കരുത്തിൽ രാജ്യത്തെ മുൻനിര ഓഹരി സൂചികയായ സെൻസെക്സ് രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം പോയിന്റ് കവിയുമെന്ന് ദുബായ് ആസ്ഥാനമായ പ്രമുഖ ധനകാര്യ കൺസൾട്ടിംഗ് കമ്പനിയുടെ മുഖ്യ പ്രൊമോട്ടറും ചാർട്ടേഡ് അക്കൗണ്ടന്റുമായ ടോണി ചാതേലിൽ പറയുന്നു. ദേശീയ സൂചികയായ നിഫ്റ്റി ഇക്കാലയളവിൽ 35,000 എത്താനിടയുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ വ്യക്തിഗത നിക്ഷേപകരുടെ എണ്ണത്തിലുള്ള വലിയ വർദ്ധനയാണ് നിലവിൽ ഇന്ത്യയുടെ കരുത്ത്.