india

ന്യൂഡൽഹി:ഗുജറാത്ത് തീരക്കടലിൽ ഇസ്രയേൽ ചരക്ക് കപ്പലിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഇന്നലെ ചെങ്കടലിൽ ഇന്ത്യൻ എണ്ണക്കപ്പൽ എം. വി സായിബാബയ്ക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നതായി അമേരിക്കൻ സൈനിക അധികൃതർ. ഇന്ത്യൻ കപ്പലിനൊപ്പം ഒരു നോർവീജിയൻ ടാങ്കർ കപ്പലും അക്രമിക്കപ്പെട്ടെന്നും യെമനിലെ ഹൂതി വിമതരാണ് പിന്നിലെന്നും യു. എസ് കമാൻഡ് അറിയിച്ചു.

കപ്പലിൽ 25 ഇന്ത്യൻ ജീവനക്കാരാണുള്ളത്. ആളപായമില്ലെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചു. കപ്പൽ ഇന്ത്യയിൽ രജിസ്റ്റ‌ർ ചെയ്‌തതാണെന്ന യു. എസ് അറിയിപ്പ് നിഷേധിച്ച ഇന്ത്യൻ അധികൃതർ, കപ്പൽ ആഫ്രിക്കൻ രാജ്യമായ ഗാബണിൽ രജിസ്റ്റർ ചെയ്തതാണെന്ന് വിശദീകരിച്ചു. എം. വി സായിബാബ ഗാബോൺ പതാകയുള്ള കപ്പലാണെന്നും ഇന്ത്യൻ ഷിപ്പിംഗ് രജിസ്റ്ററിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ സേന സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

ശനിയാഴ്‌ച രാത്രിയായിരുന്നു ആക്രമണം. രാസവസ്‌തുക്കളുമായി പോകുകയായിരുന്ന നോർവീജിയൻ പതാകയുള്ള കപ്പൽ എം. വി ബ്ലാമാനൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അറിയിച്ചു ചെങ്കടലിൽ പട്രോളിംഗ് നടത്തിയിരുന്ന യു.എസ് യുദ്ധക്കപ്പൽ നാല് ഡ്രോണുകൾ നശിപ്പിച്ചെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഹൂതി വിമതർ മുമ്പും ചരക്കു കപ്പലുകൾ ആക്രമിച്ചിട്ടുണ്ട്. ഒക്ടോബർ 17 മുതൽ ഹൂതികൾ 15ഓളം ചരക്കു കപ്പലുകൾ ആക്രമിച്ചിട്ടുണ്ട്.യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നും യു. എസ് അധികൃതർഅറിയിച്ചു.ഇന്ത്യൻ വ്യാപരത്തിനും എണ്ണ വിപണിക്കും ആശങ്കയുണ്ടാക്കുന്നതാണ് ഈ അക്രമങ്ങൾ.