niani

വാഷിങ്ടൺ: മുൻ ആൺസുഹൃത്തിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ പൊലീസ് സഹായം തേടിയ യുവതിക്ക് നിയമപാലകന്റെ വെടിയേറ്റ് ദാരുണാന്ത്യം. നിയാനി ഫിൻലേസൺ (27) ആണ് കൊല്ലപ്പെട്ടത്. ലോസ് ആഞ്ജലീസിൽ ഡിംസബർ നാലിനാണ് സംഭവം നടന്നത്.

മുൻ ആൺസുഹൃത്ത് ശല്യം ചെയ്യുന്നു എന്ന് നിയാനി പോലീസിനെ അറിയിക്കുകയായിരുന്നു.

താമസസ്ഥലത്തെത്തിയപ്പോൾ പിടിവലിയുടെയും അലർച്ചയുടെയും ശബ്ദം കേട്ടതായി ലോസ് ആഞ്ജലീസ് ഷെരീഫ്സ് ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിയാനി കയ്യിൽ കത്തിയുമായി ആൺസുഹൃത്തിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും അതിനാൽ ഡെപ്യൂട്ടി വെടിയുതിർക്കുകയായിരുന്നെന്നും ഷെരീഫ്സ് ഡിപ്പാർട്‌മെന്റെ ഭാഷ്യം.

എന്നാൽ, മുൻ ആൺസുഹൃത്തിന്റെ ആക്രമണത്തിൽ നിയാനിക്ക് പരിക്കേറ്റിരുന്നെന്നും അയാളെ ഇറക്കിവിടാനാണ് അവർ പോലീസ് സഹായം തേടിയതെന്നും നിയാനിയുടെ കുടുംബഅഭിഭാഷകൻ പറഞ്ഞു. ഒൻപതു വയസ്സുകാരി മകൾക്കൊപ്പമാണ് നിയാനി താമസിച്ചിരുന്നത്. ഒന്നിലധികം തവണ വെടിയേറ്റതിനെ തുടർന്നാണ് നിയാനി കൊല്ലപ്പെട്ടതെന്ന് കുടുംബം പറയുന്നു. അതേസമയം, സ്ഥലത്തെത്തിയ ഡെപ്യൂട്ടിയുടെ ശരീരത്തിലെ ക്യാമറയിലെ ദൃശ്യങ്ങൾ ഷെരീഫ്സ് ഡിപ്പാർട്‌മെന്റ് ഇനിയും പുറത്തുവിട്ടിട്ടില്ല. നിയാനി ഭീഷണി മുഴക്കിയെന്ന പോലീസ് വാദം തെറ്റാണെന്ന് വെടിവെപ്പിന് സാക്ഷിയായ അവരുടെ മകളും പ്രതികരിച്ചു.