
ഭോപ്പാല്‍: സഹോദരന്റെ ഭാര്യയെ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി യുവാവ്. മദ്ധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. ഗുരുതരമായ പൊള്ളലേറ്റാണ് നിര്‍മല മരണത്തിന് കീഴടങ്ങിയത്. നിര്‍മലയുടെ ഭര്‍ത്താവ് പ്രകാശ് ആറ് മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിര്‍മലയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. പ്രകാശിന്റെ മുതിര്‍ന്ന സഹോദരന്‍ സുരേഷ് ആണ് ക്രൂരകൃത്യം ചെയ്തത്. തന്റെ സഹോദരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നിര്‍മലയാണെന്നാരോപിച്ചായിരുന്നു കൊലപാതകം.
ഭര്‍ത്താവിന്റെ മരണശേഷവും നിര്‍മലയും രണ്ട് കുട്ടികളും പ്രകാശിന്റെ വീട്ടിലാണ് ജീവിച്ചത്. തന്റെ സഹോദരനെ കൊന്നവളെന്ന പക സുരേഷിന് നിര്‍മലയോടുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിസംബര്‍ 23 ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. കരുതികൂട്ടിയുള്ള കൃത്യമെന്നാണ് പൊലീസ് പറയുന്നത്. നിര്‍മലയുമായി വഴക്കുണ്ടാക്കിയ സുരേഷ് അവരെ മര്‍ദ്ദിച്ചു. തുടര്‍ന്ന് വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തിയ ശേഷം സുരേഷ് തന്റെ ഫോണില്‍ നിന്ന് നിര്‍മലയുടെ സഹോദരനെ വിളിക്കുകയും കാര്യം പറയുകയും ചെയ്തു. നിന്റെ സഹോദരിയെ ഞങ്ങള്‍ ചുട്ടുകൊന്നുവെന്നാണ് സുരേഷ് നിര്‍മലയുടെ സഹോദരനോട് പറഞ്ഞത്. തന്റെ സഹോദരിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു, എന്നാല്‍ ഇത്ര ക്രൂരമായി കൊലപ്പെടുത്തുമെന്ന് കരുതിയില്ലെന്നും സഹോദരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭര്‍ത്താവ് മരിച്ച ശേഷം നിര്‍മലയ്ക്ക് കൊടിയ പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്. ഇക്കാര്യം അവര്‍ സ്വന്തം വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ ആദ്യം ഇത് കാര്യമായി എടുത്തില്ല. സുരേഷ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുന്നത് പതിവാകുകയും ചെയ്തതോടെ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനിരിക്കുകയായിരുന്നു സഹോദരന്‍. ശനിയാഴ്ച വൈകുന്നേരം നിര്‍മലയെ കൂട്ടിക്കൊണ്ടുവരാനൊരുങ്ങുമ്പോഴാണ് സുരേഷിന്റെ ഫോണ്‍ വന്നതെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.