cricket

ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയെ ടെസ്റ്റിൽ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

മുംബയ് : ഇംഗ്ളണ്ടിന് പിന്നാലെ കരുത്തരായ ഓസ്ട്രേലിയയേയും ടെസ്റ്റിൽ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇന്നലെ മുംബയ്‌ വാങ്കഡെ സ്റ്റേഡിയത്തിൽ സമാപിച്ച ഏക ടെസ്റ്റ് മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ഇന്ത്യ വനിതകളുടെ വിജയം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇംഗ്ളണ്ടിനെ 347 റൺസിന് ഏക ടെസ്റ്റിൽ ഇന്ത്യൻ വനിതകൾ കീഴടക്കിയിരുന്നു.

മത്സരത്തിന്റെ നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 75 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ വിജയതീരമണയുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 219 റൺസിൽ ഓൾഒൗട്ടാക്കിയ ശേഷം 406 റൺസടിച്ചാണ് ഇന്ത്യ മത്സരത്തിൽ പിടിമുറുക്കിയത്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 261 റൺസ് വരെപോയെങ്കിലും ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയുമുണ്ടായില്ല.

നാലുവിക്കറ്റ് വീഴത്തിയ പൂജ വസ്ത്രാകറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും ചേർന്നാണ് ഓസീസിനെ ഒന്നാം ഇന്നിംഗ്സിൽ എറിഞ്ഞിട്ടത്. തഹ്‌ലിയ മഗ്രാത്ത് (50), ബേത്ത് മൂണി(40), അലിസ ഹീലി (38) എന്നിവരാണ് ഓസീസ് നിരയിൽ പിടിച്ചുനിന്നത്. ദീപതി ശർമ്മ (78), സ്മൃതി മന്ദാന (74), ജെമീമ റോഡ്രിഗസ് (73), റിച്ച ഘോഷ് (52),പൂജ വസ്ത്രാകർ (47), ഷെഫാലി (40) എന്നിവരുടെ ഉജ്ജ്വല ബാറ്റിംഗാണ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 406ലെത്തിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ഓസീസിനായി തഹ്‌ലിയ മഗ്രാത്തും (73) എല്ലിസ് പെറിയും (45) പൊരുതി നോക്കി. സ്നേഹ് റാണ നാലുവിക്കറ്റ് വീഴ്ത്തി. രാജേശരിക്കും ക്യാപ്ട‌ൻ ഹർമൻ പ്രീത് കൗറിനും രണ്ട് വിക്കറ്റുവീതം ലഭിച്ചു. രണ്ടാം ഇന്നിംഗ്സിൽ സ്മൃതിയാണ് (38 നോട്ടൗട്ട് ) ഇന്ത്യൻ ചേസിംഗിന് ചുക്കാൻ പിടിച്ചത്.

രണ്ടിന്നിംഗ്സുകളിലുമായി ഏഴ് വിക്കറ്റ് നേടിയ സ്‌നേഹ് റാണയാണ് പ്ളെയർ ഒഫ് ദ മാച്ച്. പൂജ വസ്ത്രകാർക്ക് അഞ്ച് വിക്കറ്റുകൾ ലഭിച്ചു. ഓസ്‌ട്രേലിയയ്ക്കായി ആഷ്‌ലി ഗാർഡ്‌നർ നാലുവിക്കറ്റും നേടി.

46

വർഷത്തിനിടെ ഓസ്ട്രേലിയക്കെതിരേ 10 ടെസ്റ്റ് കളിച്ചെങ്കിലും ആദ്യമായാണ് ഇന്ത്യൻ വനിതകൾ വിജയിക്കുന്നത്.

ഓസീസും ഇന്ത്യയും തമ്മിൽ മൂന്ന് വീതം ഏകദിനങ്ങളുടെയും ട്വന്റി-20കളുടെയും പരമ്പരയും ഇനി നടക്കും.