
ഇന്ത്യ - ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റിന് നാളെ തുടക്കം
സെഞ്ചൂറിയൻ : രണ്ട് വർഷത്തിന് ശേഷം സെഞ്ചൂറിയനിൽ വീണ്ടുമൊരു ബോക്സിംഗ് ഡേ( ഡിസംബർ 26)യിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മറ്റൊരു ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിക്കാനിറങ്ങുകയാണ്. 2022ലെ ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് മത്സരപരമ്പരയിലെ ആദ്യ ടെസ്റ്റ് ബോക്സിംഗ് ഡേയിൽ സെഞ്ചൂറിയനിലാണ് തുടങ്ങിയത്. ആ മത്സരത്തിൽ ഇന്ത്യ 113 റൺസിന് ജയിച്ചിരുന്നു. എന്നാൽ തുടർന്നുള്ള രണ്ട് കളികളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. ഇത്തവണ രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
മൂന്ന് വീതം ട്വന്റി-20 കളുടെയും ഏകദിനങ്ങളുടെയും പരമ്പരയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ടെസ്റ്റ്ഫോർമാറ്റിലേക്ക് എത്തുന്നത്. ട്വന്റി-20 പരമ്പരയിൽ 1-1ന് സമനില പാലിച്ച ഇന്ത്യ ഏകദിനത്തിൽ 2-1ന് പരമ്പര നേടിയിരുന്നു. യുവ താരങ്ങളാണ് ഇരു ഫോർമാറ്റിലും ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ചതെങ്കിൽ ടെസ്റ്റിൽ സീനിയർ താരങ്ങളുടെ തിരിച്ചുവരവിനാണ് ടെസ്റ്റ് പരമ്പര സാക്ഷ്യം വഹിക്കുക. ഇന്ത്യൻ നായകനായി രോഹിത് ശർമ്മ ഇറങ്ങുമ്പോൾ ടെംപ ബൗമ ആതിഥേയരുടെ ക്യാപ്ടനായെത്തും.
ലോകകപ്പിന് ശേഷം വിരാട് കൊഹ്‌ലിയുടെയും ജസ്പ്രീത് ബുംറയുടെയും തിരിച്ചുവരവിനും ഈ പരമ്പര വേദിയാകും. നേരത്തേ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലെത്തിയിരുന്ന വിരാട് ഇടയ്ക്ക് ഗർഭിണിയായ ഭാര്യ അനുഷ്കയെ കാണാൻ ഇന്ത്യയിലേക്ക് വന്നെങ്കിലും മത്സരത്തിനായി തിരികെ സെഞ്ചൂറിയനിലെത്തിയിട്ടുണ്ട്. ബുംറ വൈസ് ക്യാപ്ടനായാണ് കളിക്കാനിറങ്ങുന്നത്. പരിചയസമ്പന്നായ പേസറായി മുഹമ്മദ് സിറാജാണ് ടീമിലുള്ളത്. ശാർദ്ദൂൽ താക്കൂർ, മുകേഷ് കുമാർ,പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് സംഘത്തിലെ പേസർമാർ. സ്പിന്നർമാരായ രവി ചന്ദ്രൻ അശ്വിൻ,രവീന്ദ്ര ജഡേജ എന്നിവർ ടീമിലുണ്ടെങ്കിലും ഒരാൾക്കേ പ്ളേയിംഗ് ഇലവനിൽ അവസരം ലഭിക്കാനിടയുള്ളൂ. ആദ്യം ടീമിനാപ്പമുണ്ടായിരുന്ന കീപ്പർ ഇഷാൻ കിഷൻ വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. പകരം ശ്രീകാർ ഭരതിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിചയസമ്പന്നരായ എയ്ഡൻ മാർക്രം,ഡീൻ എൽഗാർ,മാർക്കോ യാൻസെൻ, ലുംഗി എൻഗിഡി, കാഗിസോ റബാദ,കേശവ് മഹാരാജ് തുടങ്ങിയവർ ടെംപ ബൗമ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ അണിനിരക്കും. ഏകദിന പരമ്പരയിൽ മികവ് കാട്ടിയ നാൻദ്രേ ബെർഗറും ടോണി ഡി സോർസിയും വിയാൻ മുൾഡറും ടെസ്റ്റ് ടീമിലുമുണ്ട്.
ടീമുകൾ ഇവരിൽ നിന്ന്
ദക്ഷിണാഫ്രിക്ക : ടെംപ ബൗമ(ക്യാപ്ടൻ),ഡേവിഡ് ബേഡിംഗ്ഹാം,നാൻദ്രേ ബർഗർ,ടോണി ഡി സോർസി, വിയാൻ മുൾഡർ,ജെറാൾഡ് കോട്സെ,ഡീൻ എൽഗർ,മാർക്കോ യാൻസെൻ,ലുംഗി എൻഗിഡി, കാഗിസോ റബാദ,കേശവ് മഹാരാജ് ,എയ്ഡൻ മാർക്രം,കീഗൻ പീറ്റേഴ്സൺ,ട്രിസ്റ്റൺ സ്റ്റബ്സ്, കൈൽ വെറൈൻ.
ഇന്ത്യ : രോഹിത് ശർമ്മ ( ക്യാപ്ടൻ),ജസ്പ്രീത് ബുംറ,രവി ചന്ദ്രൻ അശ്വിൻ, ശ്രീകാർ ഭരത്,ശ്രേയസ് അയ്യർ,രവീന്ദ്ര ജഡേജ,യശ്വസി ജയ്സ്വാൾ,വിരാട് കൊഹ്‌ലി,മുഹമ്മദ് സിറാജ്,മുകേഷ് കുമാർ,പ്രസിദ്ധ് കൃഷ്ണ,കെ.എൽ രാഹുൽ,ശുഭ്മാൻ ഗിൽ, ശാർദൂൽ താക്കൂർ.
നാളെ ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ