
ന്യൂഡൽഹി : അമീർ ഖുസ്രു പാർക്കിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ അറസ്റ്റിൽ. ഹസ്രത്ത് നിസാമുദീൻ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. 16 വയസുള്ള രണ്ടുപേരും 17കാരനായ ഒരാളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടത്തിയത്. തങ്ങളിൽ ഒരാളെ കൊല്ലപ്പെട്ട ആസാദ് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രതികൾ ആരോപിച്ചു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിക്കാനും ഇവർ ശ്രമിച്ചു. കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.
രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എമർജൻസ് റെസ്‌പോൺസ് വെഹിക്കിൾ സ്റ്റാഫുകളാണ് സംശയാസ്‌പദമായി മൂന്നുപേരെ പിടികൂടിയ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. മൂന്നുപേരാണ് കൊലപാതകത്തിന് പിന്നിലെന്ന് സമീപവാസികൾ പറഞ്ഞതും ഇവരെ സംശയിക്കാൻ കാരണമായി. തുടർന്ന് സൗത്ത് ഡൽഹിയിലെ അമീർ ഖുസ്രു പാർക്കിൽ നിന്ന് പാതിവെന്ത മൃതദേഹം കണ്ടെത്തുകയായിരുന്നു.