
കൊച്ചി: നടപ്പു വർഷത്തിലെ അവസാന ആഴ്ചയിലും രാജ്യത്തെ പ്രാരംഭ ഓഹരി വില്പന വിപണി മികച്ച ഉണർവിൽ തുടരും. ഡിസംബർ അവസാന വാരത്തിൽ ആറ് മുൻനിര കമ്പനികളാണ് പ്രാരംഭ ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്. ഈ വാരം പതിനാല് കമ്പനികളുടെ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യും. സെക്കൻഡറി വിപണി മികച്ച വളർച്ച നേടുന്നതിനാൽ ഐ.പി.ഒ രംഗത്ത് മുൻപൊരിക്കലുമില്ലാത്ത ആവേശമാണ് നിക്ഷേപകർ പ്രകടിപ്പിക്കുന്നത്.
ക്രിസ്മസ് അവധിക്ക് ശേഷം ചൊവാഴ്ച ഓഹരി വ്യാപാരം ആരംഭിക്കുമ്പോൾ മൂന്ന് കമ്പനികളാണ് ലിസ്റ്റ് ചെയ്യുന്നത്. മുത്തൂറ്റ് മൈക്രോഫിൻ, മോട്ടിസൺ ജുവലേഴ്സ്, സൂരജ് ഡെവലപ്പേഴ്സ് എന്നീ ഓഹരികളാണ് വിപണിയിൽ എത്തുന്നത്.ജയ്‌പൂർ ആസ്ഥാനമായ മോട്ടിസൺ ജുവലേഴ്സിന്റെ ഓഹരികൾക്ക് വമ്പൻ നിക്ഷേപ താത്പര്യമാണ് ലഭിച്ചത്. അതിനാൽ കമ്പനിയുടെ ഓഹരി വിലയിൽ ആദ്യ ദിനം വൻ കുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മോട്ടിസൺ ഓഹരികൾക്ക് 151 ഇരട്ടി നിക്ഷേപകരാണ് അപേക്ഷകൾ നൽകിയത് ഹാപ്പി ഫോർജിംഗ്സ്, ക്രെഡോ ബ്രാൻഡ്സ് എന്നിവ ബുധനാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്യും. തെലങ്കാന ആസ്ഥാനമായ ആസാദ് എൻജിനിയറിംഗിന്റെ ലിസ്റ്റിംഗ് വ്യാഴാഴ്ചയാണ്. ശ്രീ ബാലാജി വാൾവ് കമ്പോണന്റ്സ്, മനോജ് സെറാമിക്സ്, എച്ച്. ആർ.എച്ച് നെക്സ്‌റ്റ് സർവീസസ്, ആകാംൻഷാ പവർ എന്നിവയുടെ പ്രാരംഭ ഓഹരി വില്പനയും ഈ വാരം നടക്കും.