
പത്തനംതിട്ട : പെർമിറ്റ് ലംഘനം ആരോപിച്ച് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടു കൊടുത്തു. പിഴത്തുകയായ 82000 അടച്ചതിന് പിന്നാലെ ഉടമ ബേബി ഗിരീഷിന് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡിഷ്യൽ ഒന്നാക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു, ഇതിൻമേലാണ് എം.വി.ഡി നടപടി, നിയമപ്രകാരം സർവീസ് നടത്താമെന്നും ഇല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും എം.വി.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്ന് ഉടമ ഗിരീഷ് പറഞ്ഞു.
തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തിയതിന് നവംബർ 24ന് പുലർച്ചെ രണ്ടുമണിയോടെയാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ റോബിൻ ബസ് പിടിച്ചെടുത്തത്. പിഴ അടച്ചതിനാൽ ഇനിയും ബസ് പിടിച്ചു വയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞിരുന്നു. ബസ് കൈമാറും മുമ്പ് ഇതിലുള്ല സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ തയ്യാറാക്കണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിന് കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടത്.