ksrtc

തിരുവനന്തപുരം: പ്രതിദിന വരുമാനം സര്‍വകാല റെക്കാഡിലെത്തിച്ച് കെ.എസ്.ആര്‍.ടി.സിയുടെ നേട്ടം. ഡിസംബര്‍ 23 ശനിയാഴ്ച ദിവസം 9.05 കോടി രൂപയാണ് പ്രതിദിന വരുമാനമായി ലഭിച്ചത്. ഈ മാസം 11ന് ലഭിച്ച 9.03 കോടി രൂപയുടെ റെക്കാഡാണ് മറികടന്നത്.

മാനേജ്‌മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കാഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നില്‍ രാപകല്‍ വ്യത്യാസമില്ലാതെ പ്രയത്‌നിച്ച മുഴുവന്‍ ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും അഭിനന്ദിക്കുന്നതായും സി.എം.ഡി. ബിജു പ്രഭാകര്‍ അറിയിച്ചു.

പത്ത് കോടി രൂപയിലേക്ക് പ്രതിദിന വരുമാനത്തെ എത്തിക്കനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. എന്നാല്‍ പുതിയ ബസുകള്‍ ലഭിക്കാന്‍ വൈകുന്നതാണ് ഇതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണം കൂടുതല്‍ ബസ്സുകള്‍ എന്‍.സി.സി , ജി.സി.സി വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സി.എം.ഡി. അറിയിച്ചു.

കൃത്യമായ പദ്ധതി ആവിഷ്‌കരിച്ച് ബസ്സുകള്‍ നിരത്തിലിറക്കിയതാണ് വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണം. അതോടൊപ്പം ഓഫ് റോഡ് നിരക്ക് കുറച്ചതും ഓപ്പറേറ്റ് ചെയ്ത ബസ്സുകള്‍ ഉപയോഗിച്ചുതന്നെ അധിക സര്‍വീസ് നടത്തിയതും നേട്ടമായി.

കൂടാതെ ശബരിമല സര്‍വീസിന് ബസ്സുകള്‍ നല്‍കിയപ്പോള്‍ അതിന് ആനുപാതികമായി സര്‍വീസിന് ബസ്സുകളും ക്രൂവും നല്‍കാന്‍ കഴിഞ്ഞതും 9.055 കോടി രൂപ വരുമാനം നേടാന്‍ സഹായകമായി മാറിയെന്ന് .കെ.എസ്.ആര്‍.ടി.സി അറിയിച്ചു.