
വാഷിംങ്ടൺ: വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോർട്ട് അവസാനിപ്പിക്കാനൊരുങ്ങുന്നതായി മൈക്രോസോഫ്റ്റ്. അത് ബാധിക്കുന്നത് ലോകമെമ്പാടുമുള്ള 24 കോടി കംപ്യൂട്ടറുകളെയാകും. അത്രയും കംപ്യൂട്ടറുകൾക്കുള്ള സാങ്കേതിക പിന്തുണ അവസാനിക്കുന്നത് വലിയ രീതിയിൽ ഇ-വേസ്റ്റ് കുന്നുകൂടാനിടയാക്കുമെന്ന് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസർച്ച് പറയുന്നു.
മൈക്രോസോഫ്റ്റിന്റെ തീരുമാനവുമായി മുന്നോട്ടുപോയാൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന ഇലക്ട്രോണിക് മാലിന്യത്തിന്റെ ആകെ ഭാരം ഏകദേശം 48 കോടി കിലോഗ്രാം ആണ്. ഇത് 3,20,000 കാറുകൾക്ക് തുല്യമായിരിക്കുമെന്നും റിസേർച്ചിൽ പറയുന്നു.
2025 ഒക്ടോബറോടെ വിൻഡോസ് 10നുള്ള സപ്പോർട്ട് നിർത്തലാക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. 2028 ഒക്ടോബർ വരെ വിൻഡോസ് 10 ഉപകരണങ്ങൾക്ക് സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുമെങ്കിലും അതിന് വാർഷിക നിരക്ക് ഈടാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഒ.എസ് സപ്പോർട്ട് ലഭിക്കാതിരുന്നാലും വർഷങ്ങളോളം പല പി.സികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്ഡേറ്റുകളില്ലാത്തതിനാൽ ആവശ്യക്കാർ കുറയുമെന്നാണ് കനാലിസിന്റെ റിസർച്ചിൽ പറയുന്നു.
പഴയ വേർഷനിൽ തുടരേണ്ടവർക്കായി വിൻഡോസ് 10-നുള്ള വിപുലീകൃത സുരക്ഷാ അപ്‌ഡേറ്റുകളുമായി മൈക്രോസോഫ്റ്റ് വരികയാണ്. വാണിജ്യ ഉപഭോക്താക്കൾ, സംരംഭങ്ങൾ, വ്യക്തിഗത ഉപഭോക്താക്കൾ എന്നിവർ വിൻഡോസ് 10-ൽ തുടരാൻ മൈക്രോസോഫ്റ്റിന്റെ പുതിയ ഇ.എസ്.യു പ്രോഗ്രാമിൽ എൻറോൻ ചെയ്യേണ്ടതായുണ്ട്. എന്നാൽ, പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടയ്‌ക്കേണ്ടി വരും.