
കൊല്ലം: പതിമൂന്ന് വയസ്സുകാരിയെ ലൈംഗികമായി നിരന്തരം പീഡിപ്പിച്ച കേസില്‍ 56കാരന് ശിക്ഷ വിധിച്ച് കോടതി. പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിന തടവ് 70,000 രൂപ പിഴ, ഇരട്ട ജീവപര്യന്തം എന്നിവയാണ് ശിക്ഷ. പുനലൂര്‍ ഐക്കരക്കേണം സ്വദേശി തെക്കേവിള പുത്തന്‍വീട്ടില്‍ രഘുവിനാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.
2016-17 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ രഘു നിരന്തരം ശാരീരികമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. അന്ന് പുനലൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ജെ. രാജീവ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പിന്നീട് എസ്.എച്ച്.ഒ ബിനു വര്‍ഗീസാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജി ടി.ഡി.ബൈജുവാണ് വിധി പ്രസ്താവിച്ചത്. അതിജീവിതയ്ക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ശുപാര്‍ശയും ചെയ്തു.