arrest

മലപ്പുറം: വിവാഹപ്രായം കഴിഞ്ഞിട്ടും കല്യാണം നടക്കാത്ത സ്ത്രീകളെ ലക്ഷ്യമിട്ട് സ്വര്‍ണം തട്ടുന്ന കേസിലെ പ്രതി പിടിയില്‍. മലപ്പുറം കുറ്റിപ്പുറം സ്വദേശി കിങ്ങിണി നാസര്‍ എന്ന് വിളിക്കുന്ന അബ്ദുള്‍ നാസര്‍ (44) ആണ് അറസ്റ്റിലായത്. വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ വീടുകളില്‍പ്പോയി പെണ്ണു കാണുകയും പിന്നീട് ഇവരുമായി ഫോണിലൂടെ പരിചയം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുന്നതുമാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ചോക്കാട് മാളിയേക്കല്‍ സ്വദേശിനിയുടെ മൂന്നു പവന്‍ സ്വര്‍ണമാല തട്ടിയെടുത്ത് മുങ്ങി എന്ന പരാതിയിലാണ് നാസറിനെ അറസ്റ്റുചെയ്തത്. മൂന്ന് പവന്‍ മാല കല്യാണ ദിവസം അഞ്ച് പവനായി തിരികെ അണിയിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി മാല കൈക്കലാക്കിയത്. നിരവധി സ്ത്രീകളെ ഇയാള്‍ സമാനമായ രീതിയില്‍ പറ്റിച്ച് സ്വര്‍ണം കൈക്കലാക്കിയിട്ടുണ്ടെന്നും എന്നാല്‍ മാനഹാനി ഭയന്ന് പലരും പരാതിയുമായി പോകുന്നില്ലെന്നും പൊലീസ് പറയുന്നു.

സ്ത്രീകളെ കബളിപ്പിച്ച് ആഭരണം കൈക്കലാക്കുന്നതിനു പുറമെ പണയസ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളിലും പ്രതി തട്ടിപ്പു നടത്തിയിട്ടുണ്ട്. പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിക്കെതിരേ മലപ്പുറം, പാലക്കാട് ജില്ലകളിലായി കേസുകളുണ്ട്. പയ്യന്നൂര്‍, പട്ടാമ്പി, കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി മൂന്നു ഭാര്യമാരും ഒമ്പതു മക്കളുമുണ്ട്. കരുവാരക്കുണ്ടിലുള്ള മൂന്നാംഭാര്യയുടെ വീട്ടില്‍വെച്ചാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തട്ടിപ്പ് വ്യാപകമായതിനെത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ വ്യതീഷ് പൂക്കോട്ടുംപാടം, ടി. വിനു, രാഹുല്‍ പി. കുന്നത്ത് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്.