
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ മുംബയ് സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്രിസ്മസ് ബ്ലാസ്റ്റ്. മുംബയ് സ്‌പോര്‍ട്‌സ് അരീനയില്‍ ആദ്യ പാദത്തില്‍ ഏറ്റ തോല്‍വിക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പകരം വീട്ടിയത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.
മത്സരം ആരംഭിച്ച് 12ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ദിമിത്രിയോസ് ഡയമന്റാകോസിലൂടെ മൂന്നിലെത്തി. ബോക്‌സിന് ഉള്ളില്‍ നിന്ന് ക്വാമി പെപ്ര നല്‍കിയ ക്രോസ് മൂന്ന് മുംബയ് പ്രതിരോധ താരങ്ങളേയും ഗോള്‍ കീപ്പറേയും കാഴ്ചക്കാരാക്കി വലയില്‍ പതിച്ചപ്പോള്‍ കൊച്ചിയില്‍ മഞ്ഞക്കടലിരമ്പി. സ്‌കോര്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്ന്, മുംബയ് സിറ്റി പൂജ്യം.
ഒന്നാം ഗോള്‍ വീഡിയോ
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി. ബോക്‌സിന് പുറത്ത് നിന്ന് ഡയമന്റാകോസ് നല്‍കിയ പാസ് സ്വീകരിച്ച ക്വാമി പെപ്രയാണ് ഇത്തവണ വലകുലുക്കിയത്. പന്ത് കാലില്‍ ഒതുക്കിയ ശേഷം തകര്‍പ്പന്‍ ഷൂട്ടിലൂടെ ലക്ഷം കണ്ട പെപ്ര പട്ടിക പൂര്‍ത്തിയാക്കി. സ്‌കോര്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ട്, മുംബയ് സിറ്റി പൂജ്യം.
രണ്ടാം ഗോള്‍ വീഡിയോ
ഗോള്‍ മടക്കാന്‍ മുംബയ് താരങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും കൃത്യതയാര്‍ന്ന പ്രതിരോധത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് അപകടം അകറ്റിക്കൊണ്ടേയിരുന്നു. 11 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയങ്ങളും രണ്ട് വീതം തോല്‍വിയും സമനിലയുമായി 23 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ രണ്ടാമതാണ്.
ഒന്നാം സ്ഥാനത്തുള്ള ഗോവയ്ക്കും 23 പോയിന്റാണെങ്കിലും അവര്‍ ഗോള്‍ ശരാശരിയില്‍ കേരളത്തെക്കാള്‍ മു്ന്നിലാണ്. ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് എഫ്.സി ഗോവ സീസണില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത്. ബുധനാഴ്ച മോഹന്‍ ബഗാന് എതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.