
ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ വൻതിരക്ക്. പമ്പയിൽ തിരക്ക് നിയന്ത്രണാതീതമായതോടെ തീർത്ഥാടകരെ നിലീമല, അപ്പാച്ചിമേട് ശരണപാതയിലേക്ക് കയറാൻ അനുവദിച്ചു. സന്നിധാനത്ത് വലിയനടപ്പന്തലും, ജ്യോതിർ നഗറും ശരംകുത്തിയും ക്യൂ കോംപ്ലക്സുകളും മരക്കൂട്ടവും പിന്നിട്ട് തീർത്ഥാടകരുടെ നിര ശബരി പീഠത്തിലേക്ക് നീണ്ടു. ഇതോടെ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കുത്തുകയറ്റത്തിലും ഭക്തരെ തടഞ്ഞു.
നീലിമലയിലും അപ്പാച്ചിമേട് ടോപ്പിലും തീർത്ഥാടകരെ മണിക്കൂറുകളോളം തടഞ്ഞു നിറുത്തുന്നു. തിരക്ക് നിയന്ത്രിക്കാൻ ദുരന്ത നിവാരണ സേനയും ദ്രുത കർമ്മസേനയും സന്നിധാനത്തും പമ്പയിലും ഉണ്ടെങ്കിലും ഇവരുടെ സേവനം ശരണപാതയിൽ ലഭ്യമാക്കുന്നില്ല.
വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു. ഉപരോധം മണിക്കൂറുകൾ നീണ്ടു. പേട്ടതുള്ളൽ പാത ഉൾപ്പെടെയാണ് ഉപരോധിച്ചത്. പമ്പയിൽ തിരക്കേറിയതോടെ എരുമേലിയിലെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചത്.
തീർത്ഥാടകർ റോഡിൽ കുത്തിയിരുന്നതോടെ ഗതാഹതം തടസപ്പെട്ടു. കെ.എസ്.ആർ.ടി,സി അടക്കം തടഞ്ഞിട്ടു. ഇന്നലെ പകൽ വാഹനങ്ങൾ പത്തനംതിട്ട ഇടത്താവളത്തിലും പെരുനാട്, ളാഹ, പ്ലാപ്പള്ളിയിലും എരുമേലി, കണമല, നാറാണംതോട്, ഇലവുങ്കൽ എന്നിവിടങ്ങളിലും മണിക്കൂറുകളോളം തടഞ്ഞു. നിലയ്ക്കലിലും വൻതിരക്കാണ്.