pop

കൊച്ചി: അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് കാറുകളുടെ വില രണ്ട് മുതൽ മൂന്ന് ശതമാനം വരെ വർദ്ധിപ്പിക്കാൻ കമ്പനികൾ തീരുമാനിച്ചതോടെ സംസ്ഥാനത്തെ വാഹന ഡീലർമാർക്ക് ആശങ്കയേറുന്നു. ജനുവരി മുതൽ വിവിധ മോഡൽ കാറുകളുടെ വില വർദ്ധിപ്പിക്കാൻ മുൻ നിര കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ് മുതൽ ഓഡി വരെ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പുതുവർഷത്തിൽ കാർ വില്പന കുത്തനെ കുറയുമെന്ന ആശങ്കയിലാണ് കാർ ഡീലർമാർ. കമ്പനികൾ വില വർദ്ധിപ്പിക്കുന്നതോടെ കാർ വാങ്ങുന്നവരുടെ ചെലവിൽ പത്ത് ശതമാനം വരെ വർദ്ധനയുണ്ടാകുമെന്ന് വിലയിരുത്തുന്നു.

അതേസമയം വില വർദ്ധന നേരിടാൻ ഉപഭോക്താക്കൾക്ക് വലിയ തോതിലുള്ള ആനുകൂല്യങ്ങളും ഇളവുകളും നൽകി വില്പനയിലെ മാന്ദ്യം നേരിടാനാണ് പ്രമുഖ ഡീലർമാർ പദ്ധതി തയ്യാറാക്കുന്നത്. സാമ്പത്തിക മേഖല മികച്ച വളർച്ചയിലൂടെ നീങ്ങുകയാണെങ്കിലും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലം ഉപഭോഗശേഷി കുറയുകയാണെന്ന് അനലിസ്റ്റുകൾ പറയുന്നു. ഇതോടൊപ്പം ബാങ്ക് വായ്പകളുടെ പലിശ നിരക്കിലുണ്ടായ വൻ വർദ്ധനയും അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. വരുമാനത്തിലുണ്ടായ മികച്ച വർദ്ധന കണക്കിലെടുത്ത് എൻട്രി ലെവലിൽ നിന്നും ഹാച്ച്ബാഗ്, എസ്.യു.വി സെഗ്‌മെന്റുകളിലേക്ക് മാറാൻ തയ്യാറെടുക്കുന്ന ഉപഭോക്താക്കൾക്ക് ഇപ്പോഴത്തെ വിലക്കയറ്റം വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന് ഡീലർമാർ പറയുന്നു.

നാണയപ്പെരുപ്പം നേരിടാൻ റിസർവ് ബാങ്ക് കഴിഞ്ഞ വർഷം മേയ് മാസത്തിന് ശേഷം തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയതിനാൽ വാഹന വായ്പകളുടെ പലിശ പത്ത് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പ്രതിമാസ തിരിച്ചടവ് തുകയിലുണ്ടായ വലിയ വർദ്ധന മൂലം ഇടത്തരക്കാരും ശമ്പളക്കാരും വാഹനം വാങ്ങാനുള്ള തീരുമാനം നീട്ടിവെയ്ക്കുകയാണ്. ഇതിനിടെ പ്രമുഖ കാർ നിർമ്മാതാക്കൾ വിവിധ മോഡലുകളുടെ വില കൂടി ഉയർത്തുന്നതോടെ വിപണി കടുത്ത സമ്മർദ്ദം നേരിടാൻ ഇടയുണ്ടെന്ന് ഡീലർമാർ പറയുന്നു.