sannidhanam

പത്തനംതിട്ട: മണ്ഡലപൂജയ്‌ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ ശബരീശ സന്നിധാനത്തിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ പുത്തൻ റെക്കോഡ്. ഞായറാഴ്‌ച മാത്രം 18ാം പടി കടന്ന് ദർശനം നടത്തിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. 1,00,969 പേരാണ് കഴിഞ്ഞദിവസം സന്നിധാനത്തെത്തിയത്. ഇതിൽ 5798 പേർ പുല്ലുമേട് വഴിയാണ് എത്തിയത്. ഇതോടെ കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ ഇന്നലെ വരെ ദർശനം നടത്തിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഈ സീസണിലെ ഏറ്റവും തിരക്കേറിയ ദിവസമായി മാറി ഇന്നലെ.

ഇന്ന് പുലർച്ചെയും ശബരീശ സന്നിധിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നീലിമല മുതൽ സന്നിധാനം വരെ ഭക്തരുടെ നീണ്ട ക്യൂവാണ്. പലർക്കും 15 മണിക്കൂറോളം കാത്തുനിന്നാണ് ദർശനം സാദ്ധ്യമായത്.

തിരക്ക് നിയന്ത്രിക്കാൻ ദുരന്ത നിവാരണ സേനയും ദ്രുത കർമ്മസേനയും സന്നിധാനത്തും പമ്പയിലും ഉണ്ടെങ്കിലും ഇവരുടെ സേവനം ശരണപാതയിൽ ലഭ്യമാക്കുന്നില്ല.

ഇന്നലെ പകൽ വാഹനങ്ങൾ പത്തനംതിട്ട ഇടത്താവളത്തിലും പെരുനാട്, ളാഹ, പ്ലാപ്പള്ളിയിലും എരുമേലി, കണമല, നാറാണംതോട്, ഇലവുങ്കൽ എന്നിവിടങ്ങളിലും മണിക്കൂറുകളോളം തടഞ്ഞു. നിലയ്ക്കലിലും വൻതിരക്കാണ്.