
പത്തനംതിട്ട: ഒരുലക്ഷത്തിലധികം ഭക്തർ കഴിഞ്ഞദിവസം എത്തിയതിന് പിന്നാലെ ശബരിമലയിൽ ഇന്നും കനത്ത തിരക്ക്. തിരക്ക് കുറയ്‌ക്കാനായി ദർശനത്തിന് പോകുന്ന ഭക്തരെ നിലയ്‌ക്കലും മറ്റ് പ്രധാന ഇടത്താവളങ്ങളിലും പൊലീസ് തടഞ്ഞു. ഇവരുടെ വാഹനങ്ങൾ വിടാൻ അനുമതി നൽകിയില്ല. തുടർന്ന് പലയിടത്തും കുട്ടികളടക്കം അയ്യപ്പ ഭക്തർ വലിയ ബുദ്ധിമുട്ടിലാണ്. 16 മണിക്കൂറോളമായി സന്നിധാനത്തേക്ക് പോകാനാകുന്നില്ലെന്ന് പല ഭക്തരും പരാതി പറഞ്ഞു.
തടഞ്ഞുനിർത്തിയയിടങ്ങളിൽ മതിയായ ആഹാരമോ കുടിവെള്ളമോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഇല്ലെന്ന് ഭക്‌തർ അറിയിച്ചിരുന്നു. മണിക്കൂറുകൾ പിന്നിട്ടിട്ടും കടത്തിവിടാത്തതിനെ തുടർന്ന് കോട്ടയത്തും, വൈക്കത്തും പൊൻകുന്നത്തും ഇടത്താവളങ്ങളോട് ചേർന്ന് അയ്യപ്പഭക്തർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്.ചിലയിടങ്ങളിൽ പൊലീസ് ഇടപെട്ട് കുടിവെള്ളംഎത്തിച്ചു.
പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം മുതൽ ഇളങ്ങുളം ക്ഷേത്രം വരെയുള്ള എട്ട് കിലോമീറ്റർ റോഡിൽ ഗതാഗത കുരുക്കുണ്ടായി. ഞായറാഴ്ച മാത്രം 18ാം പടി കടന്ന് ദർശനം നടത്തിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. 1,00,969 പേരാണ് കഴിഞ്ഞദിവസം സന്നിധാനത്തെത്തിയത്. ഇതിൽ 5798 പേർ പുല്ലുമേട് വഴിയാണ് എത്തിയത്. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇന്നലെ വരെ ദർശനം നടത്തിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഈ സീസണിലെ ഏറ്റവും തിരക്കേറിയ ദിവസമായി മാറി ഇന്നലെ.