
തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷത്തിന് എത്തിയ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിൽ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. തിങ്കളാഴ്‌ച പുലർച്ചെ 12 മണിയോടെയാണ് വാഹന പാർക്കിംഗിനെ ചൊല്ലി രണ്ടുവിഭാഗം യുവാക്കൾ തമ്മിൽ തർക്കത്തിനൊടുവിൽ അടിപൊട്ടിയത്. സംഘർഷം തടയാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ എത്തി. എന്നാൽ ഇവരെയും യുവാക്കൾ കൈയേറ്റം ചെയ്‌തു.
സംഘർഷത്തിൽ പങ്കുള്ള നാലുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടി. സംഘർഷത്തിൽ എ എസ്.ഐ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. പിന്നീട് ഡിവൈ.എസ്.പി അടക്കമുള്ളവരെത്തിയാണ് പ്രശ്‌നമുണ്ടാക്കിയ യുവാക്കളെ പിടികൂടിയത്.
നൈറ്റ്‌ലൈഫ് ആരംഭിച്ചശേഷം മാനവീയം വീഥിയിൽ നിസാര പ്രശ്‌നങ്ങളുടെ പേരിൽ അടിപൊട്ടുന്നത് പതിവാണ്. പലപ്പോഴും ലഹരിയുടെ പിടിയിലുള്ള യുവാക്കൾ തമ്മിലാണ് സംഘർഷമുണ്ടായത്. പിന്നീട് കടുത്ത പൊലീസ് നിയന്ത്രണത്തോടെ സ്ഥലത്ത് നൈറ്റ്‌ലൈഫ് അനുവദിച്ചെങ്കിലും സംഘർഷങ്ങൾ തുടരുകയാണ്. ആദ്യം മൈക്ക് ഉപയോഗം രാത്രി പത്ത് മണിവരെയും 11 മണിയോടെ എല്ലാവരെയും ഒഴിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ ഇവിടങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്‌മ നഗരസഭയ്‌ക്കടക്കം പരാതി നൽകിയതോടെ മൈക്ക് ഉപയോഗം 11 മണിവരെയും പ്രവേശനം പുലർച്ചെ അഞ്ച് മണിവരെയുമായി ഇളവുചെയ്‌തിരുന്നു. ഇതിനിടെയാണ് ഇവിടെ വീണ്ടും സംഘർഷമുണ്ടായത്.