
മുംബയ്:ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ പേടിഎമ്മിന്റെ മാതൃകമ്പനി വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയിലെ വിവിധ വിഭാഗങ്ങളിലായി ജോലിചെയ്യുന്ന ചുരുങ്ങിയത് ആയിരം പേരെയെങ്കിലും കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായാണ് സൂചന. ചിലവ്ചുരുക്കലിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽ എ ഐ സാങ്കേതിക വിദ്യ നടപ്പാക്കിയതിന് പിന്നാലെയാണ് കനത്ത നടപടി.
ചെലവ്‌ചുരുക്കലും പ്രവർത്തനത്തിലെ കാര്യക്ഷമതയുമാണ് ലക്ഷ്യമിടുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ധനകാര്യസ്ഥാപനങ്ങളിൽ ആവർത്തിച്ചുവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഈ നീക്കം. ഒക്‌ടോബർ ആദ്യവാരം തന്നെ ഇത്തരത്തിൽ പിരിച്ചുവിടൽ ആരംഭിച്ചെന്നാണ് സൂചന. എ ഐ സാങ്കേതിക വിദ്യ നടപ്പാക്കുക വഴി 10 ശതമാനമെങ്കിലും പ്രവർത്തനചിലവ് കുറക്കാമെന്നാണ് കമ്പനി കരുതുന്നത്. ഇതുവഴി പ്രതീക്ഷിച്ചതിലും കൂടുതൽ ഫലം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇതാദ്യമായല്ല പേടിഎം ഇത്രയധികം പേരെ ജോലിയിൽ നിന്നും പുറത്താക്കുന്നത്. 2021ൽ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 500 മുതൽ 700 പേരെവരെ കമ്പനി പുറത്താക്കിയിരുന്നു. എന്നാൽ വരും വർഷങ്ങളിൽ തങ്ങളുടെ ജോലിക്കാരുടെ എണ്ണം 15,000 ആയി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് സൂചനയുണ്ട്.