
ന്യൂഡല്‍ഹി: നിലവിലുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവ ഇതോടെ നിയമമായി.
ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്.
പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാല്‍, ഭാരതീയ ന്യയാസംഹിതാ ബില്ലില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിര്‍ത്തിയിട്ടുണ്ട്.
കൊളോണിയല്‍ക്കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് മാറ്റം വരുത്തി ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുത്തെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. സസ്പെന്‍ഷനെത്തുടര്‍ന്ന് പ്രതിപക്ഷത്തെ ഇന്ത്യ സഖ്യകക്ഷികള്‍ പാര്‍ലമെന്റിന് പുറത്തായ സമയത്തായിരുന്നു മൂന്ന് ബില്ലുകളും ഇരുസഭകളിലും പാസാക്കിയത്.
ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് പാര്‍ലമെന്റില്‍ ആദ്യ ബില്ലുകള്‍ അവതരിപ്പിച്ചത്. പിന്നീട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. നവംബര്‍ പത്തിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു