
ആലപ്പുഴ: കേരള എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചാരായവും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചെങ്ങന്നൂരിൽ 7 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. മാന്നാർ സ്വദേശി അംബുജാക്ഷിയേയാണ് ഇവിടെ നിന്നും അറസ്‌റ്റ് ചെയ‌്തത്. ചെങ്ങന്നൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പ്രസാദ് മാത്യുവും സംഘവുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർമാരായ പി. സജികുമാർ, പി. ആർ ബൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. ബിനു, ആഷ്‌വിൻ എസ്. കെ, വിനീത് വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉത്തരാ നാരായണൻ, മായ റ്റി എസ് എന്നിവരും പങ്കെടുത്തു.
പെരിന്തൽമണ്ണ വൈലോങ്ങരയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവുമായി ബൈക്കിൽ വന്ന യുവാവ് പിടിയിലായതാണ് മറ്റൊരു സംഭവം. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കുറുവ സ്വദേശി അബ്ദുൾ ലത്തീഫ് (36) അറസ്‌റ്റിലായത്. ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ ലക്ഷ്യം വച്ച് വിൽപ്പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.