
തിരുവനന്തപുരം: നവകേരള സദസിൽ മികച്ച സുരക്ഷാപ്രവർത്തനം നടത്തിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി അടക്കമുള്ള സമ്മാനങ്ങൾ നൽകാനുള്ള നീക്കത്തിനെതിരെ യുഡിഎഫ്.
മർദന വീരന്മാർക്കാണ് സർക്കാർ ഗുഡ് സർവീസ് എൻട്രി നൽകുന്നതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ ആരോപിച്ചു. സർക്കാരിന്റെ ഈ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഹസ്സൻ പറഞ്ഞു.
നവകേരള സദസിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാർക്കാണ് പ്രത്യേക സമ്മാനം നൽകുന്നത്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് സമ്മാനം നൽകുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന്റെതാണ് നടപടി. പൊലീസ് മികച്ച പ്രവർത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തൽ. സ്തുത്യർഹ സേവനം നടത്തിയവർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനാണ് എസ്‌പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.