warships

ന്യൂ‌ഡൽഹി: അറബിക്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന. ഇതിനായി നാവികസേന 'പി 8 ഐ ലോംഗ് റേഞ്ച്' പട്രോളിംഗ് വിമാനവും മൂന്ന് യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിച്ചു. ഐ എൻ എസ് മോർമുഗാവോ, ഐ എൻ എസ് കൊച്ചി, ഐ എൻ എസ് കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകൾ പ്രതിരോധത്തിന്റെ ഭാഗമായി വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് കൂടാതെ മൂന്ന് ഗെെഡഡ് മിസെെൽ ഡിസ്‌ട്രോയറുകളും അറബിക്കടലിൽ വിന്യസിച്ചിട്ടുണ്ട്.

ഗുജറാത്ത് തീരക്കടലിൽ ഇസ്രയേൽ ചരക്ക് കപ്പലിനുനേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ചെങ്കടലിൽ ഇന്ത്യൻ എണ്ണക്കപ്പൽ എം വി സായിബാബയ്ക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നതായി അമേരിക്കൻ സൈനിക അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യൻ കപ്പലിനൊപ്പം ഒരു നോർവീജിയൻ ടാങ്കർ കപ്പലും അക്രമിക്കപ്പെട്ടെന്നും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരാണ് പിന്നിലെന്നും യു എസ് കമാൻഡ് ആരോപിക്കുന്നു. എന്നാൽ ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്.

കപ്പലിൽ 25 ഇന്ത്യൻ ജീവനക്കാരാണുള്ളത്. ആളപായമില്ലെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചു. കപ്പൽ ഇന്ത്യയിൽ രജിസ്റ്റ‌ർ ചെയ്‌തതാണെന്ന യു എസ് അറിയിപ്പ് നിഷേധിച്ച ഇന്ത്യൻ അധികൃതർ, കപ്പൽ ആഫ്രിക്കൻ രാജ്യമായ ഗാബണിൽ രജിസ്റ്റർ ചെയ്തതാണെന്ന് വിശദീകരിച്ചു. എം വി സായിബാബ ഗാബോൺ പതാകയുള്ള കപ്പലാണെന്നും ഇന്ത്യൻ ഷിപ്പിംഗ് രജിസ്റ്ററിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കപ്പലിലെ ഡ്രോൺ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സംഘം ഉൾപ്പെടെ എത്തിയിരുന്നു. കപ്പലിനെ പൂർണമായി വിശകലനം ചെയ്ത ശേഷം വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ നേവി വക്താവ് പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഇന്ത്യൻതീരത്ത് നിന്ന് യു എസിലേക്കുള്ള രണ്ട് ചരക്കുകപ്പലുകൾ ചെങ്കടൽ ഒഴിവാക്കി ആഫ്രിക്കൻ മുനമ്പിലൂടെ തിരിച്ചുവിട്ടു. ഇന്ത്യൻ വ്യാപാരത്തിനും എണ്ണ വിപണിക്കും ആശങ്കയുണ്ടാക്കുന്നതാണ് ഈ ആക്രമണങ്ങൾ.

ഹൂതി വിമതർ മുമ്പും ചരക്കു കപ്പലുകൾ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 17 മുതൽ ഹൂതികൾ 15ഓളം ചരക്കു കപ്പലുകൾ ആക്രമിച്ചിട്ടുണ്ട്. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നും യു എസ് അധികൃതർ അറിയിച്ചു.