wedding

ഹൈദരാബാദ്: വധുവിന്റെ വീട്ടുകാർ മട്ടന്റെ മജ്ജ മെനുവിൽ ഉൾപ്പെടുത്താത്തതിന്റെ പേരിൽ വിവാഹം മുടങ്ങി. തെലങ്കാനയിലാണ് സംഭവം. നിസാമാബാദ് സ്വദേശിനിയാണ് വധു. കഴിഞ്ഞ മാസം യുവതിയുടെ വീട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹം മുടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വരനും ബന്ധുക്കളും അടക്കമുള്ള അതിഥികൾക്കായി നോൺ വെജ് വിഭവങ്ങളായിരുന്നു വധുവിന്റെ വീട്ടുകാർ ഒരുക്കിയിരുന്നത്. വിഭവങ്ങളുടെ കൂട്ടത്തിൽ മട്ടന്റെ മജ്ജയില്ലെന്ന് ചില അതിഥികൾ ചൂണ്ടിക്കാട്ടിയതോടെയാണ് വഴക്ക് തുടങ്ങിയത്.

ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നം വഷളായതോടെ പൊലീസ് സ്ഥലത്തെത്തി. മെനുവിൽ മട്ടൻ മജ്ജയില്ലെന്ന കാര്യം വധുവിന്റെ വീട്ടുകാർ മനപ്പൂർവം തങ്ങളിൽ നിന്ന് മറച്ചുവച്ചതായി വരന്റെ ബന്ധുക്കൾ ആരോപിച്ചു. ഇതിനുപിന്നാലെ വരന്റെ വീട്ടുകാർ വിവാഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.

അതേസമയം, ഏറെ പ്രശംസ നേടിയ തെലുങ്ക് ചിത്രം 'ബലഗം' ആയി സാദൃശ്യമുള്ള കാര്യങ്ങളാണ് വിവാഹ വീട്ടിൽ നടന്നതെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാർച്ചിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ മട്ടൻ മജ്ജയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വിവാഹം മുടങ്ങുന്ന രംഗമുണ്ട്.