
മദ്ധ്യകേരളത്തിന്റെ വികസന മനസ് ആകാശത്തോളം ഉയരത്തിലാണ്. ചെറുവള്ളി വിമാനത്താവളമെന്ന സ്വപ്നത്തിന് ചിറകു മുളച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുകൂല സമീപനമാണ് പദ്ധതിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമായത്. എസ്റ്റേറ്റ് ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്ന കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചതോടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്.
പ്രവാസികളേറെയുള്ള മദ്ധ്യകേരളത്തിന്റെ വികസന സ്വപ്നമായ ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളിത്തോട്ടം ഉൾപ്പെടുന്ന എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുക. കഴിഞ്ഞ ഡിസംബർ അവസാനം ഭൂമി ഏറ്റെടുക്കലിനുള്ള പ്രാരംഭ നടപടിക്രമങ്ങൾക്ക് തുടക്കമിട്ടു. ചെറുവള്ളി എസ്റ്റേറ്റ് അധികൃതരുമായി ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തുകയും എസ്റ്റേറ്റിൽ മണ്ണു പരിശോധനയും സർവേയും നടത്താൻ തീരുമാനിക്കുകയും ചെയ്തതോടെയായിരുന്നു തുടക്കം. മണ്ണുപരിശോധനാ ഫലം അനുകൂലമായതോടെ ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ സർവേ നമ്പരുകൾ പ്രസിദ്ധീകരിച്ചു. തുടർന്ന് സാമൂഹികാഘാത പഠനം നടത്തി. സ്ഥലം നഷ്ടപ്പെടുന്നവരുടെ അദാലത്ത് വിളിച്ച് ചർച്ചയും നടത്തിയിട്ടാണ് അന്തിമ റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിദഗ്ദ്ധ സമിതി രൂപീകരിച്ചു. ഇവർ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സ്ഥലമേറ്റെടുക്കാനുള്ള നടപടികളിലേക്കു പോകുന്നത്.
ചുമതല സ്പെഷ്യൽ തഹസിൽദാർക്ക്
ഭൂമി ഏറ്റെടുക്കാനുള്ള മുന്നൊരുക്ക ജോലികൾക്ക് കോട്ടയം സ്‌പെഷ്യൽ തഹസിൽദാർക്കാണ് (എൽ.എ. ജനറൽ) ചുമതല. അതിർത്തി നിർണയം അടക്കമുള്ള പ്രാഥമിക ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് സർവേ തുടങ്ങും. ഇതിന് സർവേയറെ നിയമിക്കും. പദ്ധതിയുടെ കൺസൽട്ടന്റായി പ്രവർത്തിക്കുന്ന ലൂയി ബഗ്രിന്റെ മേൽനോട്ടത്തിൽ പദ്ധതിപ്രദേശത്തിന്റെ അതിർത്തി നിർണയം തുടരുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയായ ശേഷം ഏറ്റെടുക്കൽ വിജ്ഞാപനം സെക്ഷൻ എട്ടുപ്രകാരം പുറപ്പെടുവിക്കാനാണ് തീരുമാനിച്ചത്.
പക്ഷേ, സാമൂഹികാഘാത പഠനം വിലയിരുത്തിയ വിദഗ്ദ്ധ സമിതിയുടെ ശുപാർശ വന്ന് ആറുമാസത്തിനകം ഏറ്റെടുക്കൽ വിജ്ഞാപനം വരണം. ഇല്ലെങ്കിൽ നടപടികൾ റദ്ദാകും. ഇതാണ് വിജ്ഞാപനം തീരുമാനിച്ചതിലും നേരത്തേ ആക്കിയതിന് കാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുംമുമ്പ് ഭൂമി അന്തിമമായി ഏറ്റെടുക്കാനുള്ള സെക്ഷൻ 11 (1) പ്രകാരമുള്ള നടപടികളിലേക്ക് കടക്കും. ഈ വിജ്ഞാപന പ്രകാരമാണ് ഉടമകളെ കണ്ടെത്തി, ഭൂമിയുടെ അളവ് നിശ്ചയിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കി നഷ്ടപരിഹാരത്തിലേക്കു പോകേണ്ടത്. സർവേയർ മൊത്തത്തിലുള്ള അളവും സബ് ഡിവിഷൻ നിശ്ചയിച്ച് അടയാളപ്പെടുത്തലും അതിനുമുമ്പ് നിർവഹിച്ച് റിപ്പോർട്ട് കൊടുക്കും.
സ്വകാര്യ പങ്കാളിത്തം
കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന വിമാനത്താവളത്തിന് ആദ്യം ചെറുവള്ളിത്തോട്ടത്തിലെ ഭൂമി മാത്രമാണ് ഉൾപ്പെട്ടിരുന്നത്. അനുബന്ധ പ്രവർത്തനങ്ങൾക്കാണ് പുറത്തുള്ള സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കുക. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഏറ്റവും നീളമുള്ള റൺവേയാണ് എരുമേലിയിൽ വരിക. 3500 മീറ്റർ നീളത്തിൽ കിഴക്കു പടിഞ്ഞാറ് ദിശയിലാവും റൺവേ. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 2405 ഏക്കറും 165 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. സിയാൽ, കിയാൽ മോഡൽ കമ്പനി രജിസ്റ്റർ ചെയ്യണം. തുടർന്ന് നിക്ഷേപ സമാഹരണം നടത്തണം. പിന്നെ, ടെൻഡർ വിളിച്ച് നിർമാണം ആരംഭിക്കണം.
നടപടികൾ എന്തെല്ലാം?
സ്ഥലമേറ്റെടുപ്പിനുള്ള അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുന്നോടിയായി റവന്യു വകുപ്പും വിമാനത്താവള നിർമ്മാണ അധികൃതരും ചേർന്ന് സംയുക്ത പരിശോധന നടത്തും. സ്ഥലത്തിന്റെ പ്രാധാന്യം അനുസരിച്ച് വിവിധ കാറ്റഗറികളായി തിരിക്കും. ഈ കാറ്റഗറിക്ക് യോജ്യവും സമാനവുമായ ആധാരങ്ങൾ കണ്ടെത്തും. അഞ്ചോ ആറോ ആധാരങ്ങളുടെ ശരാശരി വിലയുടെ അടിസ്ഥാനത്തിൽ സ്ഥലവില നിർണയിക്കും. ഈ അടിസ്ഥാനവിലയുടെ ഒപ്പം കെട്ടിടങ്ങൾ, മരങ്ങൾ, മറ്റു നിർമാണ പ്രവർത്തനങ്ങൾ എന്നിവയുടെ വില കൂടി നിശ്ചയിക്കും.
ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് ആധാരത്തിന്റെ ഒന്നര ഇരട്ടി വില കണ്ടെത്തും. ഇതാണ് കമ്പോള വില. ഇതിനൊപ്പം കമ്പോള വിലയുടെ ഇരട്ടി കണക്കാക്കും. അന്തിമ വിജ്ഞാപനത്തിനു ശേഷം എത്ര നാൾ കഴിഞ്ഞാണോ സ്ഥലം ഏറ്റെടുക്കുന്നത്, ആ കാലയളവിൽ 12 ശതമാനം പലിശയും കൂടി ലഭിക്കും. ഇതുകൂടാതെ തൊഴിൽ നഷ്ടം, കൃഷിയിടങ്ങളുടെ നഷ്ടം തുടങ്ങിയവ കണക്കാക്കി പുനരധിവാസ പക്കേജ് തയ്യാറാക്കും. വില നിർണയത്തിൽ തർക്കമുള്ളവർക്ക് കോടതിയെ സമീപിച്ച് കൂടുതൽ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം.
ചെറുവള്ളിയിലെ നേട്ടങ്ങൾ
ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല
സമീപം രണ്ട് ദേശീയ പാതകളും 5 പൊതുമരാമത്ത് പാതകളും
റബർമരങ്ങൾ മാത്രം മുറിച്ചുനീക്കിയാൽ മതി
മണ്ണെടുപ്പ് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കില്ല
പ്രയോജനം എന്തെല്ലാം?
കോട്ടയം പത്തനംതിട്ട ജില്ലകളോട് അടുത്തായതിനാൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലേയ്ക്കും യാത്ര എളുപ്പം. കുമളിയോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ളവർക്കും എളുപ്പം. തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമലയും മാരാമണ്ണും ചേർന്നുള്ള തീർത്ഥാടന ടൂറിസത്തിനും സാദ്ധ്യത. ടൂറിസം കേന്ദ്രങ്ങളായ കുമരകം, മൂന്നാർ, തേക്കടി, വാഗമൺ, ആലപ്പുഴ, കോന്നി ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾക്ക് പ്രയോജനകരം. ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്ന് സുഗന്ധ വ്യഞ്ജനങ്ങളും തേയിലയും കയറ്റി അയയ്ക്കാം. അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ അധികവും കോട്ടയം, പത്തനംതിട്ട ജില്ലകാരായതിനാൽ ഏറെ പ്രയോജനകരം.
എത്തിച്ചേരാനുള്ള ദൂരം ഇങ്ങനെ
തിരുവനന്തപുരം- എരുമേലി : 135 കി.മീ
നെടുമ്പാശേരി: 110 കി.മീ
പമ്പ: 45 കി.മീ
കോട്ടയം: 58 കി.മീ
പത്തനംതിട്ട: 35 കി.മീ
കേസിലെ ആശങ്ക
ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ ബിലീവേഴ്‌സ് ചർച്ചിനു കീഴിലെ ഗോസ്പൽ ഒഫ് ഏഷ്യ ചാരിറ്റബിൾ ട്രസ്റ്റും തമ്മിലുള്ള സിവിൽ കേസ് പാലാ സബ് കോടതിയിലാണ്. വിധി എന്തായാലും ഏറ്റെടുക്കലിനെ ബാധിക്കില്ലെന്നാണ് നിയമോപദേശം. വിധി എതിരാണെങ്കിൽ കൈവശക്കാരായ ബിലീവേഴ്‌സ് ചർച്ചിന് പണം നൽകി നടപടി പൂർത്തിയാക്കും. അനുകൂലവിധിയെങ്കിൽ സർക്കാരിന് അത്രയും ചെലവു കുറയും. പദ്ധതിക്ക് ബിലീവേഴ്‌സ് ചർച്ച് അനുകൂലമാണ്.