army

ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനികരെ ആക്രമിക്കാൻ ഭീകരർ ചൈനയിലുണ്ടാക്കിയ ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ. ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ ഭീകര സംഘടനകളാണ് സൈന്യത്തെ ആക്രമിക്കാൻ ചൈനീസ് ആയുധങ്ങൾ, ബോഡി സ്യൂട്ട് ക്യാമറകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നത്. ഇതിന്റെ തെളിവുകൾ സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്.

ചൈനീസ് സഹായം വെളിവാക്കുന്ന മൂന്ന് വലിയ ഭീകരാക്രമണങ്ങളാണ് ഈ വർഷം നടന്നത്. ജമ്മു അതിർത്തിയിൽ കഴിഞ്ഞ മാസം അത്തരത്തിലൊരു ആക്രമണം നടന്നു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പാകിസ്ഥാൻ, ഇന്ത്യൻ സൈനികർക്ക് നേരെ പ്രയോഗിച്ച സ്‌നൈപ്പർ തോക്കുകൾ നിർമിച്ചത് ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു.

കൂടാതെ നേരത്തെ തീവ്രവാദ സംഘടന പുറത്തുവിട്ട ചിത്രങ്ങൾ ചൈനീസ് നിർമ്മിത ക്യാമറകളിലാണ് എടുത്തത്. ഇവ എഡിറ്റ് ചെയ്യുകയോ, മോർഫ് ചെയ്യുകയോ ചെയ്തവയാണെന്ന് വൃത്തങ്ങൾ അവകാശപ്പെടുന്നു. ആശയവിനിമയത്തിനായി തീവ്രവാദികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളും ചൈനീസ് ആണെന്നാണ് റിപ്പോർട്ടുകൾ.


പാകിസ്ഥാൻ സൈന്യത്തിന് ചൈനയിൽ നിന്ന് ആയുധങ്ങൾ, ക്യാമറകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ പതിവായി ലഭിക്കുന്നുണ്ട്. അവർ ഇത് ഉപയോഗിക്കുന്നതിന് പകരം ഇന്ത്യയിലെ നുഴഞ്ഞുകയറ്റത്തിനും ഭീകരാക്രമണത്തിനും വേണ്ടി തീവ്രവാദ സംഘടനകൾക്ക് എത്തിച്ചുനൽകുന്നുവെന്നാണ് വൃത്തങ്ങൾ പറയുന്നത്.