
തിരുവനന്തപുരം: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്നതിനെ കുറിച്ച് സൂചന നൽകി ശശി തരൂർ എംപി. അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാന മത്സരമായിരിക്കുമെന്ന് പറഞ്ഞ ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദി എതിരാളിയായി വന്നാൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചും തുറന്നുപറയുന്നു. ഒരു സ്വകാര്യ ചാനലിന്റെ പ്രത്യേക അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
തിരുവനന്തപുരത്ത് എതിരാളിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാൽ എന്ത് സംഭവിക്കുമെന്ന അവതാരകന്റെ ചോദ്യത്തിന്, നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാവില്ലെന്ന് ശശി തരൂർ പറഞ്ഞു. 'തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപര്യമുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. ജനങ്ങൾ എന്റെ സേവനം കണ്ടിട്ടുണ്ട്. എന്നെയും കണ്ടിട്ടുണ്ട്. എന്റെ ഗുണങ്ങളും കഴിവുകളും കഴിവില്ലായ്മയും എല്ലാം അവർക്കറിയാം. മതിയായി എന്നൊരു തോന്നലുണ്ടെങ്കിൽ അവർക്ക് അവകാശമുണ്ട്, അവരുടെ എംപിയെ മാറ്റാൻ'- ശശി തരൂർ പറഞ്ഞു.
'ഞാൻ ആദ്യം രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ എന്റെ സ്വപ്നമായിരുന്നു വിദേശകാര്യ മന്ത്രിയാവുക എന്നത്. അത് യാഥാർത്ഥ്യമായില്ല. ഇനി അത് ആവാനുള്ള സാദ്ധ്യത ജനങ്ങളുടെ കയ്യിലാണ്. ഇപ്പോൾ എന്റെ ആഗ്രഹം പാർട്ടി എന്നോട് ആവശ്യപ്പെട്ടാൽ നാലാമത്തെ തവണ കൂടി മത്സരിക്കും. അത് അവസാനത്തെ മത്സരമായിരിക്കും. ഒരു തവണ കൂടി എംപിയാകട്ടെ'- തരൂർ പറഞ്ഞു. നിയമസഭയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, ഇപ്പോഴത്തെ എന്റെ ഫോക്കസ് ലോക്സഭയിലാണ്. അത് എല്ലാം കഴിഞ്ഞ ശേഷം ആ സമയത്തെ രാഷ്ട്രീയ സാഹചര്യം കണ്ടിട്ട് നോക്കാമെന്നാണ് തരൂരിന്റെ മറുപടി.