parliament

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രപരമായ പ്രയാണത്തിനിടയില്‍ കറുത്ത മഷികൊണ്ട് രേഖപ്പെടുത്തപ്പെട്ട ദിനമായിരുന്നു 2001 ഡിസംബര്‍ 13. അന്ന് രാവിലെ പതിനൊന്നേമുക്കാലിന് ആഭ്യന്തരമന്ത്രാലയത്തിന്റെ വ്യാജസ്റ്റിക്കര്‍ പതിച്ച് അംബാസഡര്‍ കാറിലെത്തിയ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ ഭീകര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന് മുന്നില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അഞ്ചുപേരടങ്ങിയ ഭീകരസംഘം പാര്‍ലമെന്റിനകത്തേക്ക് കടന്നുകയറാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തില്‍ അവര്‍ക്ക് ഉള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. മുപ്പത് മിനിട്ട് നീണ്ടുനിന്ന വെടിവയ്പ്പിലും ഗ്രനേഡ് ആക്രമണത്തിലും സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സുരക്ഷാസേന അഞ്ചുഭീകരരെയും വധിച്ചു.

പാകിസ്ഥാന്റെ ഒത്താശയോടെ ഭീകരര്‍ നടത്തിയതായിരുന്നു പാര്‍ലമെന്റ് ആക്രമണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍ കെ അഡ്വാനി അന്വേഷണാനന്തരം പാര്‍ലമെന്റിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് പാകിസ്ഥാനുമായൊരു യുദ്ധത്തിന് വഴിയൊരുങ്ങിയെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഒഴിവാകുകയായിരുന്നു. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്ന് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട നാലുപേരാണ് അറസ്റ്റിലായത്. ജെ.കെ.എല്‍.എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് അഫ്‌സല്‍ ഗുരു, ഷൗക്കത്ത് ഹുസൈന്‍ ഗുരു, ഷൗക്കത്തിന്റെ ഭാര്യ അഫ്‌സൻ ഗുരു, ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ എസ്.എ. ആര്‍. ഗിലാനി എന്നിവരാണ് പിടിക്കപ്പെട്ടത്. ഇതില്‍ അഫ്‌സല്‍ ഗുരുവിനെ 2013 ഫെബ്രുവരിയില്‍ തൂക്കിക്കൊന്നു.

22 വര്‍ഷങ്ങള്‍ക്കുശേഷം പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനമായ 2023 ഡിസംബര്‍ 13ന് അതിസുരക്ഷമെന്ന് വിശ്വസിക്കപ്പെട്ട പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സഭയ്ക്കുള്ളില്‍ തന്നെ വന്‍സുരക്ഷാ വീഴ്ചയുണ്ടായിരിക്കുകയാണ്. ലോക്‌സഭയുടെ സന്ദര്‍ശകഗാലറിയില്‍ നിന്ന് ചേംബറിലേക്ക് രണ്ട് യുവാക്കള്‍ ചാടിയിറങ്ങിയിരിക്കുകയാണ്. അതിലൊരു യുവാവ് ഇരിപ്പിടങ്ങള്‍ക്ക് മുകളിലൂടെ ചാടിക്കയറി സ്പീക്കറുടെ കസേരയ്ക്കടുത്തേക്ക് കുതിച്ചു. എം.പിമാര്‍ അതിനിടയില്‍ അയാളെ കീഴടക്കുകയായിരുന്നു. "ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കുക, ഭാരത് മാതാ കീ ജയ്, ജയ് ഭീം, ജയ് ഭാരത്" എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ചേംബറില്‍ അതിക്രമിച്ചുകടന്ന യുവാക്കള്‍ ഷൂവിനുള്ളില്‍ ഒളിപ്പിച്ച ഗ്യാസ് കനിസ്റ്റര്‍ പുറത്തെടുത്ത് മഞ്ഞനിറത്തിലുള്ള പുക ഉയര്‍ത്തി.

പുകയ്ക്ക് പിന്നാലെ രൂക്ഷഗന്ധം പടര്‍ന്നു. ഇതേസമയം, പാര്‍ലമെന്റിന് പുറത്തും മുദ്രാവാക്യം വിളികളുമായി ഒരു യുവതിയും യുവാവും പ്രതിഷേധിക്കുകയും ഗ്യാസ് കനിസ്റ്റര്‍ പൊട്ടിച്ച് പുക പുറത്തുവിടുകയും ചെയ്തു. സഭയ്ക്കുള്ളില്‍ ഈവിധം പ്രതിഷേധിക്കുകയല്ലാതെ മറ്റ് ആക്രമണത്തിനൊന്നും കടന്നേറ്റക്കാരായ യുവാക്കള്‍ ശ്രമിച്ചില്ലായെന്നത് ആശ്വാസകരമാണെങ്കിലും അത് പ്രശ്‌നത്തിന്റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ല. ഇവര്‍ ചാവേറുകളായി വരികയും മാരകവിഷവാതകമടങ്ങിയ ഗ്യാസ് കനിസ്റ്റര്‍ പൊട്ടിക്കുകയും ചെയ്തിരുന്നെങ്കില്‍ ഒരു തോക്കിന് ചെയ്യാനാകുന്നതിലും വലിയ ദുരന്തം സംഭവിച്ചേനെ. ഓരോ ഇന്ത്യാക്കാരനും നടുക്കത്തോടെ മാത്രമേ ഈ സുരക്ഷാവീഴ്ചകളെ കാണാനാകുകയുള്ളൂ. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സുരക്ഷാ പഴുതുകളുണ്ടെന്ന് വ്യക്തമായി മനസിലാക്കിയാണ് യുവാക്കളുടെ സംഘം എത്തിയിരിക്കുന്നത്.

പ്രതീകാത്മക സ്വഭാവമുള്ളതും വെല്ലുവിളികള്‍ നിറഞ്ഞതുമാണ് യുവാക്കളുടെ ഈ കടന്നുകയറ്റം. ഇതിന് പല മാനങ്ങളുമുണ്ട്. 2001 പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനത്തിനോ അല്ലെങ്കില്‍ അതിന് മുമ്പോ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിന്റെ തലവന്‍ ഗുര്‍പത് വന്ത് സിംഗ് പന്നൂന്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. പാര്‍ലമെന്റിന്റെ അടിത്തറ കുലുക്കുമെന്നാണ് അയാള്‍ ഭീഷണി മുഴക്കിയത്. തൂക്കിലേറ്റിയ ഭീകരന്‍ അഫ്‌സല്‍ ഗുരുവിന്റെ പോസ്റ്റര്‍ പങ്കുവച്ച വീഡിയോയിലായിരുന്നു ഈ ഭീഷണി സന്ദേശം അയച്ചത്. ഇതേ തുടര്‍ന്ന് വന്‍സുരക്ഷാക്രമീകരണങ്ങള്‍ വിന്യസിച്ചെങ്കിലും അതിനെയൊക്കെ പരിഹസിക്കും വിധത്തിലാണ് രണ്ട് യുവാക്കള്‍ ചേംബറില്‍ പ്രവേശിച്ചതും പരിഭ്രാന്തി നിറച്ചതും.

വന്‍സാമ്പത്തികശക്തിയായി ഇന്ത്യ കുതിക്കുന്നതിലും ലോകത്തെ സൂപ്പര്‍ ശക്തിയായി മാറിയേക്കും എന്നുമുള്ള ആശങ്ക മൂലമാണ് ഇന്ത്യയെ തകര്‍ക്കാന്‍ ആഗോളതലത്തില്‍ തല്പര കക്ഷികള്‍ കോപ്പുകൂട്ടുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുവാന്‍ ഏതുമാര്‍ഗ്ഗവും പ്രതിലോമശക്തികള്‍ അവലംബിക്കും. പല അവസരങ്ങളിലായി രാജ്യം അത് അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അറസ്റ്റിലായ മനോരഞ്ജന്‍, സാഗര്‍ശര്‍മ, നീലംദേവി, അമോല്‍ഷിന്ദേ, വിശാല്‍ ശര്‍മ, അതുപോലെ സൂത്രധാരനായി പ്രവര്‍ത്തിച്ച ലളിത് ഝാ എന്നിവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഇങ്ങനെയുള്ളവരെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തിരിക്കുകയാണ് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. വലിയൊരു ഗൂഢാലോചനയുടെ തുമ്പ് മാത്രമാണ് വെളിപ്പെട്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇരുണ്ട ശക്തികള്‍ ഒരു അന്താരാഷ്ട്രശൃംഖല തന്നെയായിരിക്കണം.

പൗരത്വ പ്രക്ഷോഭത്തിലും കർഷക സമരത്തിനു പിന്നിലുമെല്ലാം മറഞ്ഞിരിക്കുന്ന രാജ്യാന്തര സംഘങ്ങളുടെ സാന്നിധ്യം ഇപ്പോൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സഭാ ഗാലറിയില്‍ കാവലാള്‍ വേണ്ടത്രയില്ലാതെപോയതും അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവുമാണ് പ്രതികള്‍ക്ക് ചേംബറിലേക്ക് ചാടിയിറങ്ങാന്‍ അവസരം ഒരുക്കികൊടുത്തത് എന്നാണ് അനുമാനിക്കപ്പെടുന്നത്. രാജ്യത്തിന്റെ ഭരണാധിപന്‍മാര്‍ ഭരണയന്ത്രം തിരിക്കുന്ന പാവനമായ സഭാതലം ജനാധിപത്യത്തിന്റെ ഇരിപ്പിടം കൂടിയാണ്. അവിടം അഭേദ്യവും സുരക്ഷിതവുമാക്കേണ്ട കര്‍മ്മ പരിപാടികള്‍ അടിയന്തരമായി ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടിയിരിക്കുന്നു.

madhavan-b-nair

( ഫൊക്കാന മുൻ പ്രസിഡന്റും നാമം (യു.എസ്.എ) ചെയർമാനുമാണ് ലേഖകൻ)