
ദമാസ്‌കസ്: സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുതിർന്ന ജനറൽ കൊല്ലപ്പെട്ടു. ഇസ്ളാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ മുതിർന്ന ഉപദേശകനായ റാസി മൗസവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ജനറൽ കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സെയ്‌നാബിയ ജില്ലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് മൗസവി കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. മിസൈൽ ആക്രമണമാണ് ഉണ്ടായതെന്ന് റെവല്യൂഷണറി ഗാർഡും അറിയിക്കുന്നു.
സിറിയയിൽ ഇറാൻ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഇസ്രയേൽ സ്വീകരിച്ചുവരുന്നത്. 2020ൽ യു എസിന്റെ ഡ്രോൺ ആക്രമണത്തിൽ ബാഗ്‌ദാദിൽ കൊല്ലപ്പെട്ട ക്വാഡ്‌സ് കമാൻഡർ ഖാസിം സുലൈമാനിയുടെ അടുത്ത അനുയായിയായിരുന്നു മൗസവി. അടുത്തയാഴ്‌ച സുലൈമാനി വധത്തിന്റെ നാലാം വാർഷികം ആചരിക്കാനിരിക്കുകയായിരുന്നു ഇറാൻ. ഇതിനിടെയാണ് മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെടുന്നത്. 2020നുശേഷം കൊല്ലപ്പെടുന്ന ക്വാഡ്‌സിന്റെ ഉന്നതനേതാവാണ് മൗസവി.
മൗസവിയെ ലക്ഷ്യംവച്ച് മൂന്ന് മിസൈലുകളാണ് ഇസ്രയേൽ തൊടുത്തുവിട്ടതെന്ന് ഇറാൻ ഔദ്യോഗിക മാദ്ധ്യമം അറിയിച്ചു. ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഡിസംബർ രണ്ടിന് ഇസ്രയേൽ ആക്രമണത്തിൽ രണ്ട് സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി ഇറാൻ നേരത്തെ ആരോപിച്ചിരുന്നു.