dubai

ദുബായ്: നാട്ടിലായാലും വിദേശത്തായാലും ആഘോഷങ്ങൾ അടിച്ചുപൊളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഇത് അൽപ്പം മദ്യത്തിന്റെ അകമ്പടിയോടെ ആഘോഷിക്കുന്നവരും ഏറെയാണ്. ക്രിസ്‌തുമസ്- ന്യൂ ഇയർ കാലത്ത് നിയമാനുസൃതം പ്രവർത്തിക്കുന്ന മദ്യഷോപ്പുകളിൽ നിന്നാണ് പ്രവാസികൾ അധികംപേരും മദ്യം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ദുബായിൽ ലിക്കർ ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് മദ്യം വാങ്ങാൻ സാധിക്കുക.

ഇന്ത്യയിൽ എത്ര വയസ് മുതലാണ് മദ്യം കഴിക്കാൻ കഴിക്കാൻ അനുമതിയുള്ളതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ദുബായിൽ ആൽക്കഹോൾ ലൈസൻസ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് എത്ര പ്രവാസികൾക്ക് അറിയാം. വിദേശത്തേയ്ക്ക് ചേക്കേറാൻ ഒരുങ്ങുന്നവരും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ദുബായിൽ രണ്ട് രീതിയിലാണ് ലിക്കർ ലൈസൻസിനായി അപേക്ഷിക്കേണ്ടത്:

ഓഫ്‌ലൈൻ

യുഎഇയിലെ ഹോൾസെയിൽ ലിക്കർ സപ്ളൈയർ ആയ ആഫ്രിക്കൻ ഈസ്റ്റേണിലോ മദ്യഷോപ്പായ എം എം ഐയിലോ പോയി ദുബായ് നിവാസികൾക്ക് ലൈസൻസിനായി അപേക്ഷിക്കാം. അപേക്ഷകർ 21 വയസിന് മുകളിലുള്ളവരായിരിക്കണം. സാധുവായ എമിറേറ്റ്‌സ് ഐഡി ഉള്ളവരായിരിക്കണം. ലൈസൻസിനായി അപേക്ഷിക്കുന്നവരോട് ചില പ്രാഥമിക കാര്യങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചറിയും. ഇതിന് ശേഷമായിരിക്കും ആപ്ളിക്കേഷൻ പ്രോസസിംഗ് ആരംഭിക്കുന്നത്.

ഓൺലൈൻ

ആഫ്രിക്കൻ ഈസ്റ്റേണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാവുന്നതാണ്. സൈറ്റിലെ അപ്ളൈ ഫോർ ലൈസൻസ് എന്ന ഓപ്‌ഷനിൽ ക്ളിക്ക് ചെയ്യണം. തുടർന്ന് പ്രത്യക്ഷപ്പെടുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ച് നൽകണം. അപേക്ഷിച്ച് രണ്ടുമുതൽ അഞ്ച് ആഴ്‌ചകൾക്ക് ശേഷമായിരിക്കും ലൈസൻസ് ലഭിക്കുക. ഈ വർഷമാദ്യം നടപ്പാക്കിയ നിയമ ഭേദഗതിയുടെ ഭാഗമായി ദുബായ് സർക്കാർ ലൈസൻസ് പൂർണമായും സൗജന്യമാക്കിയിട്ടുണ്ട്.

ടൂറിസ്റ്റുകൾക്ക് അപേക്ഷിക്കാമോ?

ദുബായിൽ ലിക്കർ ലൈസൻസിനായി ടൂറിസ്റ്റുകൾക്കും അപേക്ഷിക്കാം. ലൈസൻസിനായി അപേക്ഷിക്കുന്ന സമയം മുതൽ രണ്ടുമാസത്തേയ്ക്ക് കൂടി കാലാവധിയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കണം. അപേക്ഷകർ 21 വയസ് പൂർത്തിയായവരായിരിക്കണം.

നിയമങ്ങൾ

യുഎഇയിൽ മദ്യം കഴിക്കുന്നതിന് അനുമതിയുണ്ടെങ്കിലും ചില നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.