
നവകേരളസദസ് ഉയർത്തിവിട്ട വിവാദങ്ങൾ തുടരവെ മന്ത്രിസഭയിൽ മാറ്റം വരുന്നതോടെ കൊല്ലത്തിന് മൂന്നാമതൊരു മന്ത്രിയെക്കൂടി ലഭിക്കും. കെ.എൻ ബാലഗോപാലിനും ജെ. ചിഞ്ചുറാണിക്കും പിന്നാലെ പത്തനാപുരം എം.എൽ.എ കെ.ബി ഗണേശ് കുമാറാണ് പുതുതായി മന്ത്രിസഭയിലെത്തുന്നത്. എൽ.ഡി.എഫിലെ മുൻ ധാരണ പ്രകാരം രണ്ടര വർഷത്തിനു ശേഷം ആന്റണിരാജുവും അഹമ്മദ് ദേവർകോവിലും ഒഴിയുന്നതിനെ തുടർന്ന് ഗണേശ്കുമാറിനെക്കൂടാതെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാകും. ആന്റണിരാജു വഹിച്ചിരുന്ന റോഡ്, ജലഗതാഗതം, മോട്ടോർ വാഹന വകുപ്പുകൾ തന്നെ ഗണേശ്കുമാറിന് ലഭിക്കുമെന്നാണ് കരുതുന്നത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയും നിലവിലെ മന്ത്രിമാരുടെ മോശം പെർഫോമൻസും ഇടതുമുന്നണിയെയും സി.പി.എമ്മിനെയും ജനങ്ങളിൽ നിന്നകറ്റിയെന്ന തോന്നൽ പാർട്ടി അകത്തളങ്ങളിലുയർന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നടങ്കം ഒരുബസിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എത്തി നവകേരളസദസ് നടത്തി പ്രതിച്ഛായ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. അതനുസരിച്ച് നടത്തിയ നവകേരള സദസ്സ് വിവാദകൊടുങ്കാറ്റ് തന്നെ അഴിച്ചുവിട്ട സാഹചര്യത്തിലാണ് മന്ത്രിസഭയിൽ നേരിയമാറ്റം വരുത്തിപ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള ഇപ്പോഴത്തെ നീക്കം.
പ്രവർത്തനവും
വിവാദവും ഒന്നിച്ച്
പ്രവർത്തന മികവും ഒപ്പം വിവാദങ്ങളും ഗണേശ്കുമാർ മുമ്പ് മന്ത്രിയായപ്പോഴെല്ലാം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ടാകാം ഇപ്പോൾ മന്ത്രിയാകുമെന്നുറപ്പായതോടെ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്, 'എന്നെ വെറുതെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുതേ' എന്നായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ 'നേര്' എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്നതിനിടെയാണിപ്പോൾ മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. 22 വർഷം മുമ്പ് പിതാവ് ആർ.ബാലകൃഷ്ണപിള്ള കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായപ്പോൾ അദ്ദേഹത്തിന്റെ പകരക്കാരനായാണ് എ.കെ ആന്റണിയുടെ മന്ത്രിസഭയിലെത്തിയത്. 22 മാസങ്ങൾക്ക് ശേഷം കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. സിനിമ താരമെന്ന നിലയിൽ സജീവമായി നിന്ന കാലത്ത് 2001ൽ പത്തനാപുരത്ത് കേരളകോൺഗ്രസ് (ബി) സ്ഥാനാർത്ഥിയായി രാഷ്ട്രീയത്തിലേക്കിറങ്ങിയ ഗണേശിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 5 തവണ തുടർച്ചയായി പത്തനാപുരത്തെ പ്രതിനിധീകരിക്കുന്ന ഗണേശ്കുമാർ മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ ആ മേഖലയിൽ ഒട്ടേറെ പരിഷ്ക്കാരങ്ങൾക്ക് തുടക്കമിട്ട് ശ്രദ്ധേയനായിരുന്നു. പിന്നീട് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായിരിക്കെ പാതിവഴിയിൽ രാജിവയ്ക്കേണ്ടി വന്നു. കേരളകോൺഗ്രസ് (ബി) യു.ഡി.എഫുമായി തെറ്റിയതോടെ ഇടതുമുന്നണിയിലെത്തി. ഉമ്മൻചാണ്ടിയും സോളാർകേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽപ്പെട്ട ഗണേശ്കുമാർ ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ കൊട്ടാരക്കര കോടതിയിൽ നിൽകിയ കേസും നിലവിലുണ്ട്. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിനു പിന്നിലെ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയായ ഗണേശ്കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയും ഇടതു മുന്നണിയും പിൻമാറമണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യഘട്ടത്തിൽ തന്നെ ഗണേശിനെ മന്ത്രിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സഹോദരിയുമായി ബന്ധപ്പെട്ട കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് രണ്ടാം ടേമിലേക്ക് മാറ്റേണ്ടി വന്നത്. എന്നാൽ ഗണേശിനെതിരെ ഉയർന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് രണ്ടാം ടേമിലും മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല എന്ന സൂചന ഒരുഘട്ടത്തിൽ ഉയർന്നിരുന്നുവെങ്കിലും ഇപ്പോഴത്തെ തീരുമാനത്തോടെ ആശങ്ക ഒഴിവായി.
എന്നിട്ടും
കോവൂർ....
പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയ നവംബറിൽ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നുറപ്പായപ്പോൾ തന്നെ മറ്റുചിലർ കൂടി മന്ത്രിസ്ഥാന മോഹികളായി രംഗത്തെത്തിയിരുന്നു. ഏകാംഗ പാർട്ടിയിൽപ്പെട്ടവരാണ് അവരൊക്കെ. എൽ.ജെ.ഡി അംഗമായ (ഇപ്പോൾ ആർ.ജെ.ഡി) കെ.പി മോഹനൻ, ആർ.എസ്.പി (ലെനിനിസ്റ്റ്) അംഗമായ കോവൂർ കുഞ്ഞുമോൻ എന്നിവരായിരുന്നു അവരിൽ പ്രധാനികൾ. എൻ.സി.പിയിലെ രണ്ടാമത്തെ അംഗമായ തോമസ് കെ. തോമസും അടുത്ത രണ്ടര വർഷം എ.കെ ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടായിരുന്നു. ജനതാദൾ (സെക്യുലർ) അംഗമായ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ മാറ്റി തനിയ്ക്ക് അടുത്ത ടേം മന്ത്രിയായാൽ കൊള്ളാമെന്ന് മാത്യു ടി. തോമസിനും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കൊല്ലം ജില്ലയിലെ കുന്നത്തൂർ സംവരണ മണ്ഡലത്തെ 2001 മുതൽ തുടർച്ചയായി പ്രതിനിധീകരിക്കുന്ന കോവൂർ കുഞ്ഞുമോന്റെ ആവശ്യം ഇതിൽ നിന്നൊക്കെ വ്യത്യസ്ഥമായി ന്യായമുള്ളതായിരുന്നു. മന്ത്രിസ്ഥാനം പോയിട്ട് ഉയർന്ന ഒരു സ്ഥാനത്തേക്കും അദ്ദേഹത്തെ ഇക്കാലത്തിനിടെ പരിഗണിക്കാത്തതിൽ കുഞ്ഞുമോനൊപ്പം കുന്നത്തൂർ നിവാസികളും കടുത്ത അമർഷത്തിലാണ്.
രണ്ടാം പിണറായി സർക്കാർ മന്ത്രിസഭാ രൂപീകരണ വേളയിലും കുഞ്ഞുമോന്റെ പേര് പൊന്തിവന്നപ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കെങ്കിലും പരിഗണിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ചാതുർവർണ്യവും ദളിത്,പിന്നാക്ക സ്നേഹവും വിവേചനവുമൊക്കെ പ്രസംഗിക്കുന്നവർ കുഞ്ഞുമോന്റെ കാര്യത്തിൽ നിശബ്ദരാകുന്നുവെന്നതാണ് ശ്രദ്ധേയം. ഗണേശ്കുമാറും കുഞ്ഞുമോനെപ്പോലെ 2001 മുതൽ പത്തനാപുരത്ത് നിന്ന് തുടർച്ചയായി ജയിച്ചു വരുന്നയാളാണ്. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം കൂടിയായ ഗണേശിനെ പിന്തുണയ്ക്കാൻ എൻ.എസ്.എസ് പോലൊരു വലിയ സാമുദായിക പ്രസ്ഥാനമുണ്ട്. കുഞ്ഞുമോനാകട്ടെ ഏതെങ്കിലും സമുദായത്തിന്റെ ശക്തമായ പിന്തുണയില്ലെന്നതും കോടികളുടെ കിലുക്കമുള്ള മുതലാളിമാരുടെ കൈത്താങ്ങില്ലെന്നതുമാകാം മന്ത്രിസ്ഥാനം പോയിട്ട് മറ്റെന്തെങ്കിലും സ്ഥാനത്തേക്ക് പോലും പരിഗണിക്കാത്തതിന്റെ കാരണം. കൊല്ലത്തെ 11 നിയമസഭാ മണ്ഡലങ്ങളിൽ പത്തിൽ നിന്നും കഴിഞ്ഞകാലങ്ങളിൽ ജയിച്ചവരൊക്കെ മന്ത്രിയായിട്ടുണ്ടെങ്കിലും സംവരണ മണ്ഡലമായ കുന്നത്തൂരിന് മാത്രം ആ ഭാഗ്യം ഇതുവരെ കൈവന്നിട്ടില്ല. 35,000 ഓളം ദളിത് വോട്ടുകളുള്ള മണ്ഡലം ഇടത്കോട്ടയുമാണ്. 2001 മുതൽ ഇടതുമുന്നണിയ്ക്കൊപ്പം പാറപോലെ ഉറച്ചു നിന്നയാളാണ് കോവൂർ കുഞ്ഞുമോൻ. ആർ.എസ്.പി നേതാവ് ബേബിജോൺ അസുഖബാധിതനായി കിടപ്പിലായതോടെ പിളർന്ന പാർട്ടി ഷിബുബേബിജോണിന്റെ നേതൃത്വത്തിൽ ആർ.എസ്.പി (ബി) രൂപീകരിച്ച് യു.ഡി.എഫിൽ ചേക്കേറി. പിന്നീട് ആ പാർട്ടിയും പിളർന്ന് ബാബുദിവാകരന്റെ നേതൃത്വത്തിൽ ആർ.എസ്.പി (എം) രൂപം കൊണ്ടു. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്താണ് ആർ.എസ്.പി കൊല്ലം സീറ്റിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി വഴക്കിട്ട് ഇടതുമുന്നണി വിട്ടത്. അതോടെ യു.ഡി.എഫിനൊപ്പമായിരുന്ന ആർ.എസ്.പി (ബി) ആർ.എസ്.പിയിൽ ലയിച്ചു. പിന്നീട് ബാബുദിവാകരനും മടങ്ങിയെത്തി. എന്നാൽ ആർ.എസ്.പി ഇടതുമുന്നണി വിട്ടു പോയതിന്റെ വാട്ടം തീർത്തത് ഇടതുമുന്നണിയോടൊപ്പം ചേർന്നു നിന്ന കോവൂർ കുഞ്ഞുമോനാണ്. അന്നുമുതൽ ഇന്നുവരെ ഇടതിനൊപ്പം അടിയുറച്ച് നിൽക്കുന്ന കുഞ്ഞുമോന് എം.എൽ.എ എന്നതിനപ്പുറം പദവികളൊന്നും ലഭിക്കാത്തതിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന പാർട്ടി പ്രവർത്തകരും ഖിന്നരാണ്. പിന്നാക്ക പ്രദേശമായ കുന്നത്തൂരിനെ കുഞ്ഞുമോനിലൂടെ മന്ത്രിസഭയിൽ അടയാളപ്പെടുത്താൻ ഇപ്പോഴത്തെ മന്ത്രിസഭാ വികസനത്തിലെങ്കിലും കഴിയുമോ എന്ന് ഉറ്റു നോക്കിയ പ്രദേശവാസികളാണ് വീണ്ടും നിരാശയിലാകുന്നത്. പിണറായി മന്ത്രിസഭയിലെ ദളിത് പ്രാതിനിധ്യം കെ.രാധാകൃഷ്ണനിൽ മാത്രമായി ഒതുങ്ങുന്നു.