robin-issue

പത്തനംതിട്ട: സംസ്ഥാനത്തിന്റെ പുതിയ ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാർ ചുമതയേൽക്കുന്നത് ഗതാഗതമേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. ബസ് മേഖലയിൽ മാത്രമല്ല, റോഡിൽ എംവിഡി ഉദ്യോഗസ്ഥർ നടത്തുന്ന അനാവശ്യ ഇടപെടൽ അദ്ദേഹത്തിന്റെ അടുത്ത് നടക്കില്ലെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് എംവിഡി വീണ്ടും തടഞ്ഞ് പരിശോധിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി വരുന്നത് ഈ മേഖലയ്ക്ക് ഒരു ഗുണമായി മാറും. ബസ് മേഖലയിൽ മാത്രമല്ല, റോഡിൽ മോട്ടോർവാഹന വകുപ്പിന്റെ കൂത്താട്ടവും അദ്ദേഹത്തിന്റെ അടുത്ത് നടക്കാതെ വരും. അത് മനസിലാക്കാൻ തലയ്ക്കകത്ത് ബോധമുള്ളയാളാണ് ഗണേഷ് കുമാർ'- റോബിൻ ഗിരീഷ് പറഞ്ഞു. റോബിൻ ബസ് റോഡിലിറങ്ങിയതോടെ തനിക്ക് 12 ലക്ഷത്തിൽ കൂടുതൽ നഷ്ടമുണ്ടായെന്നും ഗിരീഷ് പറയുന്നു. ചില മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നോട് കൈക്കൂലി ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'മറ്റ് റൂട്ടുകളിലേക്ക് സർവീസ് നടത്താൻ നാല് വണ്ടികൾ റെഡിയായി നിൽക്കുകയാണ്. ഫീസ് അടയ്ക്കാനുള്ള സംവിധാനം തരുന്നില്ല ഇപ്പോഴും. ഫീസ് അടയ്ക്കാൻ കഴിഞ്ഞെങ്കിൽ പമ്പയുൾപ്പടെ റൂട്ടുകളിലേക്ക് സർവീസ് തുടങ്ങുമായിരുന്നു. എന്റെ ഈ പോരാട്ടത്തിൽ കൂടെ നിൽക്കുന്നത് സുഹൃത്തുക്കളാണ്'- റോബിൻ ഗിരീഷ് പറഞ്ഞു.

അതേസമയം, ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിൻ ബസിനെ തടഞ്ഞ് ആർടിഒ. മൂവാറ്റുപുഴ ആനിക്കാട് വച്ചാണ് റോബിൻ ബസിനെ തടഞ്ഞത്. ബസ് പരിശോധിച്ച ശേഷം വിട്ടു നൽകി. ഇന്ന് രണ്ടാം തവണയാണ് റോബിൻ ബസ് അധികൃതർ തടയുന്നത്. പെർമിറ്റ് ലംഘനത്തെതുടർന്ന് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച ബസ് ഇന്നാണ് വീണ്ടും സർവീസ് ആരംഭിച്ചത്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നീട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടോർ വാഹനവകുപ്പ് പരിശോധനയ്ക്കായി തടഞ്ഞു. പരിശോധന പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു.