
ഒരു മന്ത്രിസഭ ഒന്നാകെ 36 ദിവസം ജന മദ്ധ്യത്തിൽ അടിയും തിരിച്ചടിയുമായി സംഘർഷം കൊടിമുടി കയറിയ കലാശക്കൊട്ട്. ഗവർണറുടെ വാഹനത്തിന് നേരേ ഭരണപക്ഷ വിദ്യാർത്ഥി സംഘടനയുടെ ആക്രമണം..വാഹനത്തിൽ നിന്ന് നടു റോഡിലിറങ്ങി ഗവർണറുടെ വെല്ലുവിളി. ജനക്കൂട്ടത്തിനൊപ്പം തെരുവിൽ റോഡ് ഷോ. കലാപ കലുഷിതമായ അന്തരീക്ഷം ബാക്കിയാക്കിയാണ് രാഷ്ട്രീയ കേരളം 2023നോട് വിട പറഞ്ഞത്.
എളിമയും പരോപകാര തത്പരതയും ജീവിത വ്രതമാക്കി ഹൃദയങ്ങൾ കീഴടക്കിയ ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയിൽ കണ്ണീരണിഞ്ഞ ജന ലക്ഷങ്ങൾ ചൊരിഞ്ഞ സ്നേഹ വായ്പുകൾ. ആശയങ്ങളിലും നിലപാടുകളിലും ഉറച്ച് നിന്നും, പാർട്ടി, ഭരണ വ്യതിചലനങ്ങളെ മുഖം നോക്കാതെ തുറന്നെതിർത്തും രാഷ്ട്രീയ എതിരാളികളുടെയും സ്നേഹാദരവുകൾ പിടിച്ചു പറ്റിയ കാനം രാജേന്ദ്രൻ. ഈ ജനകീയ നേതാക്കളുടെ വിട ചൊല്ലലിനും പോയ വർഷം സാക്ഷിയായി.
നവ കേരള രാഷ്ട്രീയം, മന്ത്രിസഭയുടെ ഒന്നാകെയുള്ള സാന്നിദ്ധ്യവും വൻ ജന പങ്കാളിത്തവും കൊണ്ട് രാജ്യത്തിന്റെ ചരിത്രത്തിൽ വേറിട്ടതും സമാനതകളില്ലാത്തതുമായി നവ കേരള സദസ്. മുൻ മുഖമന്ത്രി ഉമ്മൻചാണ്ടി നടത്തിയ ജന സമ്പർക്ക യാത്ര ഒറ്റയാൾ പട്ടാളമായിരുന്നു. ജനങ്ങളുടെ ആവലാതികൾ നേരിട്ട് കേട്ടും, ധന സഹായം കൈയോടെ അനുവദിച്ചും മുന്നേറിയ യാത്രയ്ക്ക് നേരേ അന്നത്തെ പ്രതിപക്ഷമായ എൽ.ഡി.എഫ് ഉയർത്തിയത് ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ. വിവാദങ്ങളും സംഘർഷവും ഉയർന്നില്ല. ഉമ്മൻചാണ്ടിയുടെ ജന സ്വീകാര്യതയുടെ ഗ്രാഫ് ഉയർന്നെങ്കിലും, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് വോട്ടാക്കി മാറ്റാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. അപേക്ഷകളും നിവേദനങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് കൈപ്പറ്റാതെയായിരുന്നു നവ കേരള യാത്ര. മണ്ഡലം സദസുകളിലെ കൗണ്ടറുകളിൽ അത് കൈപ്പറ്റിയത് ഉദ്യോഗസ്ഥരാണ്. അതിന്റെ ഫലപ്രാപ്തിക്ക് സർക്കാർ സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്ത് നിന്നാരംഭിച്ച നവ കേരള യാത്രയ്ക്ക് നേരേ കല്യാശേരി മുതലുള്ള യുത്ത് കോൺഗ്രസുകാരുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ,പൊലീസും ഡി,വൈ.എഫ്.ഐക്കാരും കായികമായി നേരിടാനിറങ്ങിയത് വിവാദമായി. 'ജീവൻ രക്ഷാ പ്രവർത്തന'മായി മുഖ്യമന്ത്രി വിശേഷിപ്പിച്ച പ്രതിരോധം അതിര് കടന്നു. മാദ്ധ്യമങ്ങൾക്ക് വാർത്താ പ്രവാഹത്തിന്റെ നാളുകൾ.കൊല്ലം മുതൽ ജീവൻ രക്ഷാ പ്രവർത്തനം കോൺഗ്രസുകാരും ഏറ്റെടുത്തതോടെ,തെരുവ് യുദ്ധം തലസ്ഥാനം വരെ നീണ്ടു.
ഗവർണറുടെ
റോഡ് ഷോ
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രണ്ട് റോഡ് ഷോകൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഒന്ന്, എസ്.എഫ്.ഐക്കാരുടെ പ്രതിഷേധത്തെ തലസ്ഥാനത്ത് പേട്ടയിൽ നടുറോഡിൽ നിന്ന് വെല്ലുവിളിപ്പോൾ. മറ്റൊന്ന്, കോഴിക്കോട്ടെ മിഠായിത്തെരുവിൽ ആൾക്കൂട്ടത്തിൽ ഒരാളായി കടകൾ തോറും കയറിയിറങ്ങി ഹൽവ രുചിച്ചതും ജനങ്ങളെ ആശ്ലേഷിച്ചതും. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ആ റോഡ് ഷോയും ഫലത്തിൽ സർക്കാരിനോടുള്ള വെല്ലുവിളിയായി.
നേട്ടങ്ങൾ
കേരളത്തിന്റെ ചിരകാല സ്വപ്നമായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതും, ആദ്യത്തെ കപ്പലെത്തിയതും വികസനത്തിലെ പൊൻതൂവലാണ്. ഈ പൊൻതൂവൽ ഏത് സർക്കാരിന്റെ കിരീടത്തിൽ ചാർത്തണമെന്നതിലാണ് തർക്കം. കോഴിക്കോടിന് യുനസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ചതും, കൊച്ചിയിൽ ആദ്യത്തെ വാട്ടർ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതും, തിരുവനന്തപുരത്ത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തറക്കല്ലിട്ടതും, രാജ്യത്തെ ആദ്യ അന്താരാഷ്ട്ര കയാക്കിംഗ് സെന്റർ കോഴിക്കോട് പുലിക്കയത്ത് തുറന്നതും, എല്ലാവർക്കും ഇന്റർനെറ്റിനായി കെ-ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്തതും, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ആരംഭിക്കുന്ന ആദ്യ സംസ്ഥാനമായതും 2023ന്റെ നേട്ടങ്ങളുടെ പട്ടികയിൽപ്പെടും.
ദുരന്തങ്ങൾ
കൊച്ചിയിലെ ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യക്കൂമ്പാരത്തിൽ പടർന്ന് പിടിച്ച തീ ദിവസങ്ങളോളം ഭീതി പരത്തി. ഏലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിലെ കോച്ചിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിൽ നിരവധി യാത്രക്കാർക്ക് പൊള്ളലേറ്റതും രണ്ട് വയസുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതും മലപ്പുറത്തെ താനൂർ ബീച്ചിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 11 കുട്ടികൾ ഉൾപ്പെട 22 പേർ മരിച്ചതും കേരളത്തെ കണ്ണീരണിയിച്ചു. കൊച്ചി കൺവെൻഷൻ സെന്ററിലെ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചതും, കളമശ്ശേരി കുസാറ്റിലെ ഗാനസന്ധ്യയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചതും പോയ വർഷത്തെ വലിയ ദുരന്തങ്ങളിൽപ്പെടും.
കേരളീയം
കേരളത്തിന്റെ പൈതൃകയും, കൈ വരിച്ച നേട്ടങ്ങളും ലോക സമക്ഷം അവതരിപ്പിക്കാനുള്ള സർക്കാരിന്റെ നവ ഉദ്യമമായ, തലസ്ഥാനത്ത് ഒരാഴ്ച നീണ്ട കേരളീയവും ജന ശ്രദ്ധ പിടിച്ചു പറ്റി. കടക്കെണയിലായ സർക്കാരിന്റ ധൂർത്തായി പ്രതിപക്ഷം വ്യാഖ്യാനിച്ച കേരളീയത്തിൽ കണ്ടത് കേരളത്തനിമയുടെ വൈവിദ്ധ്യങ്ങൾ... ബി.ജെ.പിയുടെ തല മൂത്ത നേതാവ് ഒ.രാജഗോപാലിന്റ സാന്നിദ്ധ്യവും, അദ്ദേഹം നൽകിയ ഗുഡ് സർട്ടിഫിക്കറ്റും കേരളീയം സംഘാടകർക്ക് ആവേശം പകർന്നപ്പോൾ, വെട്ടിലായത് ബി.ജെ.പി.
വേർപാടുകൾ
ഹാസ്യം ഉൾപ്പെടെ സിനിമയിൽ ലഭിച്ച വേഷങ്ങളെല്ലാം അനശ്വരമാക്കിയ മഹാ നടന്മാരായ ഇന്നസെന്റിന്റെയും, മാമുക്കോയയുടെയും വേർപാട് മലയാളികളെ കണ്ണീരണിയിച്ചു. ശുദ്ധ ഹാസ്യത്തിന്റ മേമ്പൊടികളോടെ തിയേറ്ററുകളിൽ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ച സംവിധായകൻ സിദ്ദിഖിന്റെ വിരഹവും മറ്റൊരു വലിയ നഷ്ടമാണ്.
സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി, മുൻ സ്പീക്കറും മുൻമന്ത്രിയും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ, പണ്ഡിതനും എഴുത്തുകാരുനുമായ ഡോ.വെള്ളായണി അർജ്ജുനൻ, പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ്, നേവലിസ്റ്റ് പി.വൽസല, ആട്ടിസ്റ്റ് നമ്പൂതിരി എന്നിവരുടേതാണ് മറ്റ് പ്രധാന വേർപാടുകൾ.
കേന്ദ്രത്തിന്റെ 'കെണി'
കേന്ദ്ര സർക്കാർ കേരളത്തെ ഇത്രയേറെ ഞെരുക്കിയ വർഷം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് സർക്കാരിന്റെ ആരോപണം. സാമൂഹ്യ ക്ഷേമ പെൻഷൻ ഉൾപ്പെടെ മുടങ്ങിയത് അതിന്റെ തിക്ത ഫലം ഇതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചതും പുതുമയായി. സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാർ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുമ്പോഴാണ്, തിരുവനന്തപുരം സീറ്റിലേക്ക് നിർമ്മലാ സീതാരാമൻ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ ബി.ജെ.പി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുന്നത്. എൽ.ഡി.എഫിന് മാത്രമല്ല, മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പുകൾ പോലും പൂർത്തിയാക്കാനാവാതെ ഗ്രൂപ്പ് തർക്കങ്ങളിൽ കരുങ്ങിക്കടന്ന കോൺഗ്രസിനും, നേതാക്കളുടെ കുതികാൽ വെട്ടിൽ വശം കെട്ട ബി.ജെ.പിക്കും പരോക്ഷമായെങ്കിലും പുതു ജീവൻ പകരുന്നതായി നവ കേരള സദസ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ, സദസ് പടർത്തിയ സമരാഗ്നിയുടെ നെരിപ്പോടുകളും പേറിയാണ് രാഷ്ട്രീയ കേരളം പുതു വർഷത്തെ വരവേൽക്കുന്നത്.