education

ഇതരസംസ്ഥാനക്കാ‌ർ കേരളത്തിലെത്തുന്നത് അന്നത്തെ അന്നത്തിന് വകതേടിയാണ്. ഭൂരിഭാഗം മലയാളി വിദ്യാ‌ർഥികളും നാടുവിടുന്നത് പഠനത്തിനൊപ്പം പാ‌ർടൈം ജോലി മുന്നിൽക്കണ്ടും. കേരളത്തിൽ കിണറ്റിലിറങ്ങാനും ചൂളയിൽ പണിയാനും തടിവെട്ടാനും ക്വാറിയിൽ തോട്ട വയ്ക്കാനുമെല്ലാം ഭായി വേണം. ഏതാണ്ട് ഇതേ സ്ഥിതിയാണ് വിദേശപഠനത്തിന് പോയ മലയാളികളും ഇപ്പോൾ നേരിടുന്നത്. പല‌ർക്കും കെയ‌ർ ഹോമുകളിലും ഓൾഡ് ഏയ്ജ് ഹോമുകളിലും മറ്റുമാണ് ഓഫർ ലഭിക്കുന്നത്...

യുവാക്കളുടെ ഒഴുക്കാണ് കേരളത്തിനകത്തേക്കും കേരളത്തിൽ നിന്നു പുറത്തേക്കും. ഇങ്ങോട്ടുവരുന്നത് 'ഭായി'മാരും. അതും തൊഴിൽ തേടി വരുന്ന ഇതരസംസ്ഥാനക്കാർ. അതേസമയം, ഇവിടെനിന്ന് പോകുന്നവരിൽ കൂടുതൽ വിദ്യാർത്ഥികളും. ഉപരിപഠനത്തിനപ്പുറം സാദ്ധ്യത തേടുന്നവ‌ർ. വിദേശപഠനത്തിന് വിദ്യാർത്ഥികൾ പോകുന്നത് അന്തസ്സോടെ. അതേസമയം ഭായിമാർ ഇങ്ങോട്ടെത്തുന്നത് അലഞ്ഞും വലഞ്ഞുമാണെന്നത് മറ്റൊരു യാഥാർത്ഥ്യവും. ഒറ്റനോട്ടത്തിൽ താരതമ്യമില്ലാത്ത പ്രവാസങ്ങളാണ് പരാമർശിച്ചത്. പക്ഷേ കൂടുതൽ വിലയിരുത്തുമ്പോൾ രണ്ടുകാര്യങ്ങളിലും സമാനതകളുണ്ട്.

കൂലി തേടി നെട്ടോട്ടം
ഇതരസംസ്ഥാനക്കാ‌ർ കേരളത്തിലെത്തുന്നത് അന്നത്തെ അന്നത്തിന് വക തേടിയാണ്. ഭൂരിഭാഗം മലയാളി വിദ്യാ‌ർത്ഥികളും നാടുവിടുന്നത് പഠനത്തിനൊപ്പം പാ‌ർടൈം ജോലി മുന്നിൽക്കണ്ടും. കൂലി തന്നെയാണ് മുഖ്യം. യൂറോപ്പിലും കാനഡയിലും ജപ്പാനിലും കൊറിയയിലും എത്തുന്നവ‌ർ പുസ്തകം വാങ്ങുന്നതിന് മുമ്പേ ജോലി തേടിയുള്ള നെട്ടോട്ടത്തിലാകും.

കാരണം വീട്ടുകാർ കൊടുത്ത പോക്കറ്റ് മണി തീരും മുമ്പേ പണി കണ്ടുപിടിക്കണം. പലരും വിദ്യാഭ്യാസ ലോൺ അടയ്ക്കുന്നതും പാർ‌ടൈം ജോലി ചെയ്ത് സമ്പാദിക്കുന്ന പണം കൊണ്ട്. പ്രവേശനം കിട്ടിയ കോഴ്സ് എന്തിനുള്ളതാണെന്നു പോലും അറിയാത്തവരുണ്ട്. പഠനകാലത്തിനിടെ പറ്റിയ ജോലി കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കുന്നതാണ് അന്തിമലക്ഷ്യം.

തേൻ പുരട്ടിയ വാഗ്ദാനങ്ങൾ

മികച്ച കൂലി, മികച്ച തൊഴിലുടമകൾ, മികച്ച കാലാവസ്ഥ ഇതൊക്കെയാകാം കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ലഭിക്കുന്ന വാഗ്ദാനം. എന്നാൽ ഇവിടെയെത്തുന്നവരിൽ നല്ലൊരു പങ്കും കടുത്ത ചൂഷണമാണ് നേരിടുന്നത്. പലരും ചെന്നുപെടുന്നതും ജോലി ചെയ്യുന്നതും താമസിക്കുന്നതും കേരളത്തിന്റെ ദു‌ർഘടമേഖലകളിലാണ്.

അതുപോലെ തന്നെയാണ് കാനഡലിലും യൂറോപ്പിലും മറ്റും എത്തുന്ന ഒരു ഭാഗം യുവാക്കളുടെ സ്ഥിതിയെന്ന് കരിയ‌ർ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാ‌ർടൈം ജോലിയും പോസ്റ്റ് സ്റ്റഡി വീസയും ലക്ഷ്യമിട്ടാണ് മലയാളികളിൽപ്പലരും 20-25 ലക്ഷം രൂപവരെ ലോണെടുത്ത് വിദേശ പഠനത്തിന് പോകുന്നത്. ഭീമമായ വാടകയാണ് മിക്കരാജ്യങ്ങളും ഇപ്പോൾ വിദേശ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. അതിനാൽ കാമ്പസുകളിൽ നിന്ന് ഏറെ മാറി താമസിക്കേണ്ട സ്ഥിതിയാണ്.

ഒരു അപാർട്മെന്റിൽ എട്ടും പത്തും പേരുമായി ലേബർക്യാമ്പിന് സമാനമായ ജീവിതം. പ്രവാസി വിദ്യാർഥികളുടെ തള്ളിക്കയറ്റം കാരണം പാർടൈം ജോലി സാദ്ധ്യതയും കുറയുകയാണ്. അതിനാൽ മുമ്പത്തേതിന്റെ പകുതി പ്രതിഫലത്തിന് ജോലി ചെയ്യാൻ പോലും വിദ്യാർത്ഥികൾ തയാറാകുന്നുണ്ടെന്നാണ് യൂറോപ്പിൽ നിന്നും കാനഡയിൽ നിന്നുമുള്ള വിവരം. കാമ്പസുകളും ജോലിസ്ഥലവുമായുള്ള അകലവും പലർക്കും പ്രശ്നമാണ്.

കിട്ടുന്നത് കഠിന ജോലികൾ

കേരളത്തിൽ മലയാളികൾ ചെയ്യാൻ മടിക്കുന്ന ഹൈറിസ്ക് ജോലികൾ ഇതരസംസ്ഥാനക്കാരുടെ ചുമലിലാണ്. കിണറ്റിലിറങ്ങാനും ചൂളയിൽ പണിയാനും തടിവെട്ടാനും ക്വാറിയിൽ തോട്ട വയ്ക്കാനുമെല്ലാം ഭായി വേണം. ഏതാണ്ട് ഇതേ സ്ഥിതിയാണ് വിദേശപഠനത്തിന് പോയ മലയാളികളും ഇപ്പോൾ കാനഡയിലും മറ്റും നേരിടുന്നത്. പല‌ർക്കും കെയ‌ർ ഹോമുകളിലും ഓൾഡ് ഏയ്ജ് ഹോമുകളിലും മറ്റുമാണ് ഓഫർ ലഭിക്കുന്നത്. ഹോട്ടൽ ജോലികൾ പോലെ നല്ല അദ്ധ്വാനം വേണ്ടിവരുന്ന ജോലികളുമുണ്ട്.

നാട്ടിൽ മാതാപിതാക്കളുടെ തണലിൽ മികച്ച ജീവിതസാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾക്ക് ഇത് പ്രതിസന്ധിയുണ്ടാക്കുന്നു. കൊടിയ തണുപ്പും കാലാവസ്ഥാമാറ്റവും ഇത്തരം രാജ്യങ്ങളിലെ ജീവിതം ശ്രമകരമാക്കുകയും ചെയ്യും. വരുമാനം മുഖ്യമാകുന്ന അവസരത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചെറുസംരംഭങ്ങൾ തുടങ്ങിയ മലയാളികളും പലരാജ്യങ്ങളിലുമുണ്ട് . അതേസമയം വിദേശവിദ്യാഭ്യാസം വിദേശത്ത് എത്തിച്ചേരുന്ന പതിനായിരങ്ങളിൽ കുറച്ചുപേർ ഡിമാന്റുള്ള ബിരുദവും നല്ല ജോലിയും നേടി മുന്നേറുന്നുണ്ട്.

കുടിയേറ്റത്തിലെ പ്രശ്നങ്ങൾ

വൻതോതിലുള്ള കുടിയേറ്റമുണ്ടാക്കുന്ന പ്രശ്നങ്ങളിലും സമാനതകളുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കേരളത്തിൽ പലവിധ പ്രശ്നങ്ങളും ഇടയാക്കാറുണ്ട്. അതുപോലെ കാനഡ പോലുള്ള രാജ്യങ്ങളിലും പ്രവാസികളുടെ എണ്ണപ്പെരുക്കം പ്രശ്നമാകുന്നുണ്ട്.

പല നിയന്ത്രണങ്ങൾക്കും ആ രാജ്യം ഒരുങ്ങുന്നതായാണ് റിപ്പോ‌ർട്ടുകൾ. എങ്കിലും പ്രവാഹത്തിന് ഇതുവരെ കുറവുണ്ടായിട്ടില്ല. ഈ അക്കാദമിക് വ‌ർഷം കൊച്ചിയിലെ ഒരു പ്രമുഖ ഏജ‌ൻസി കാനഡയിലേക്കും ബ്രിട്ടനിലേക്കും കയറ്റിവിട്ടത് പതിനായിരത്തോളം വിദ്യാർത്ഥികളെയാണ്. ചെറുതും വലുതുമായ മൂവായിരത്തോളം ഏജൻസികൾ വിദേശപഠന ഓഫറുകളുമായി കൊച്ചു കേരളത്തിൽത്തന്നെയുണ്ട്. കഴി‌ഞ്ഞവ‌ർഷം കാനഡയിലെത്തിയ വിദേശ വിദ്യാർത്ഥികളിൽ മൂന്നു ലക്ഷത്തിൽപ്പരം ഇന്ത്യക്കാരുണ്ടായിരുന്നു. ജനുവരി ഒന്നു മുതൽ കാനഡ വിദ്യാ‌ർത്ഥികളുടെ ജീവിതച്ചെലവിന് കരുതേണ്ട തുക ഇരട്ടിയിലധികമാക്കുമെന്നാണ് വാർത്തകൾ. അവിടെയെത്തുന്ന ഓരോ വിദ്യാർത്ഥിയും 17 ലക്ഷം രൂപയോളം അക്കൗണ്ടിൽ കരുതണമെന്നർത്ഥം.

പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നവരാണ് മലയാളികൾ. നിലവിൽ അഭയം തേടുന്ന രാജ്യങ്ങൾ കൈവിട്ടാൽ അടുത്ത പാത വെട്ടിത്തെളിച്ചെടുക്കും. ഏതായാലും ജന്മനാട്ടിൽത്തന്നെ ജോലി ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വ‌ർധനയുണ്ടാകാൻ യാതൊരു ചാൻസുമില്ല. ഇതിനനുസരിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടേയ്‌ക്ക് എത്തിക്കൊണ്ടുമിരിക്കും. ബംഗാളിൽ നിന്ന്, ഒറീസ്സയിൽ നിന്ന്, ബിഹാറിൽ നിന്ന്... എന്തിന് നേപ്പാളിൽ നിന്നും ബംഗ്ലദേശിൽ നിന്നുപോലും. അങ്ങനെ കാനഡ മലയാളികളുടേയും കേരളം ഭായിമാരുടേതുമായി തുടരും. അല്ലാത്തപക്ഷം സാമൂഹിക സ്ഥിതിയിൽ വൻ അട്ടിമറി വേണ്ടിവരും.