v-d-satheesan-

തിരുവനന്തപുരം: അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവകേരള സദസിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥാർക്ക് ഗുഡ് സർവീസ് എൻട്രി കൊടുക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും സതീശൻ അറിയിച്ചു.

കാപ്പ പ്രകാരം ജയിൽ അടക്കേണ്ടവരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വെയിൽ ഉള്ളപ്പോൾ മുഖ്യമന്ത്രി പുറത്തിറങ്ങരുത്. സ്വന്തം നിഴൽ കണ്ടാൽപ്പോലും അദ്ദേഹം പേടിക്കുമെന്നും അത്രയ്ക്ക് ഭീരുവാണ് മുഖ്യമന്ത്രിയെന്നും സതീശൻ പരിഹസിച്ചു.

'അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര. രാഷ്ട്രീയ പാരമ്പര്യവും അനുഭവ ജ്ഞാനവുമുള്ള ഒരാൾ അധികാര സ്ഥാനത്തിരുന്ന് ഇത്തരത്തിൽ പെരുമാറില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നിയമന്ത്രിക്കുന്നത് ഒരു ഉപജാപക സംഘമാണ്.

അവരുടെ സമനില തെറ്റിയിരിക്കുകയാണ്. അവരുടെ ധാർഷ്ട്യവും ധിക്കാരവുമാണ് കേരളത്തെ ഈ നിലയിൽ കലാപ ഭൂമിയാക്കി മാറ്റിയത്. പ്രതിഷേധിച്ച കെ എസ് യു പ്രവർ‌ത്തകർക്കെതിരെ കേസെടുക്കുന്നു. വിമർശിക്കുന്ന എല്ലാവരേയും ഭയപ്പെടുത്താൻ നോക്കുകയാണ്. വലിയ അഴിമതിയാണ് നവകേരള യാത്രയുടെ മറവിൽ നടന്നത്. നവകേരള സദസിലൂടെ ഏത് പ്രശ്‌നമാണ് പരിഹരിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.'- സതീശൻ പറഞ്ഞു.